തൊടുപുഴ: സംസ്ഥാന ബഡ്ജറ്റിൽ നൂറു രൂപ പദ്ധതികൾ മാത്രമാണുള്ളതെന്ന് കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) വാർത്താസമ്മേളനത്തിൽ ആരോപിച്ചു. എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനം വകയിരുത്താത്ത ഒരു ജോലിയും ഭരണാനുമതി നൽകാൻ സർക്കാരിന് നിയമപരമായി കഴിയില്ലെന്നറിഞ്ഞു കൊണ്ടുതന്നെയാണ് സർക്കാർ ജനങ്ങളെ വഞ്ചിച്ചിരിക്കുന്നത്. ജില്ലയുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ യാതൊരു നിർദേശങ്ങളും ബഡ്ജറ്റിലില്ല. ഭൂമി പതിവ് നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനെപ്പറ്റി ബഡ്ജറ്റ് മൗനം പാലിക്കുകയാണ്. ജില്ലയിലെ കർഷകർ ഇപ്പോൾ ഏറ്റവും ഭയപ്പെടുന്നത് വന്യജീവികളുടെ ആക്രമണ ഭീഷണിയാണ്. വന്യമൃഗങ്ങൾക്ക് വെള്ളവും ഭക്ഷണവും കാട്ടിനുള്ളിൽ തന്നെ ലഭ്യമാക്കുന്നതിനുള്ള പദ്ധതി ബഡ്ജറ്റിൽ കർഷകർ പ്രതീഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. ഇടുക്കി നിയോജകമണ്ഡലത്തിലെ റോഡുകൾക്ക് നൂറു രൂപ ടോക്കൺ പ്രൊവിഷൻ മാത്രമാണ് വകകൊള്ളിച്ചിട്ടുള്ളത്. പ്രതീക്ഷിക്കുന്ന എസ്റ്റിമേറ്റ് തുക ബഡ്ജറ്റിൽ വകയിരുത്തിയ തുകയാണെന്ന രീതിയിൽ എം.എൽ.എ പ്രസ്താവനയിറക്കി ജനങ്ങളെ കബളിപ്പിച്ചിരിക്കുകയാണ്. തൊടുപുഴ, കട്ടപ്പന കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളുടെ വികസനത്തിൽ നൂറു രൂപ വീതം മാത്രമാണ് വകയിരുത്തിയിട്ടുള്ളതെന്നും നേതാക്കൾ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ്, മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ, നഗരസഭാ കൗൺസിലർ ജോസഫ് ജോൺ, നേതാക്കളായ ജോസി ജേക്കബ്, ഫിലിപ്പ് ചേരിയിൽ എന്നിവർ പങ്കെടുത്തു.