ഇടുക്കി: ജില്ലയിലെ ശുചിത്വ പദവി പഞ്ചായത്തുകളിൽ ശേഖരിച്ചു സൂക്ഷിച്ച പ്ലാസ്റ്റിക്കുൾപ്പടെയുള്ള അജൈവ പാഴ്‌വസ്തുക്കൾ ക്ലീൻ കേരള കമ്പനി വില നൽകി ഏറ്റെടുക്കുന്നത്.അജൈവ പാഴ് വസ്തുക്കൾക്ക് സർക്കാർ വില നിശ്ചയിച്ച് ഉത്തരവായതോടെയാണ് ഈ നടപടി. ശുചിത്വ പദവി പ്രഖ്യാപിച്ച 30ഗ്രാമപ്പഞ്ചായത്തുകൾ, തൊടുപുഴ, കട്ടപ്പന മുനിസിപ്പാലിറ്റികൾ, എന്നിവിടങ്ങളിൽ നിന്നുള്ള തരംതിരിച്ച പാഴ് വസ്തുക്കളാണ് ക്ലീൻ കേരള കമ്പനി ഏറ്റെടുത്ത്വരുന്നത്.
ഏകദേശം 20,000 കിലോ അജൈവ പാഴ് വസ്തുക്കളാണ് ക്ലീൻ കേരള കമ്പനി ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്നത്.ഇതിലൂടെ ലഭിക്കുന്ന തുക ജില്ലയിലെ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കർമ്മ സേനയുടെ കൺസോർഷ്യത്തിനാണ് ലഭിക്കുക. അത് കൺസോർഷ്യത്തിലെ ഓരോ അംഗങ്ങൾക്കും ലഭിക്കുന്ന വിധമാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്ന് ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. ജി എസ് മധു പറഞ്ഞു.
ഹരിതകർമ്മ സേനയെ സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന സ്വയം സംരംഭക ഗ്രൂപ്പുകളായി വളർത്തുന്നതു കൂടി ലക്ഷ്യമിട്ടാണ് ഹരിത കേരളം മിഷൻ ക്ലീൻ കേരള കമ്പനിയുമായി ഇത്തരത്തിൽ ധാരണയുണ്ടാക്കിയത്.
അജൈവ പാഴ് വസ്തുക്കളുടെ വില ജനുവരി 26ന് ക്ലീൻ കേരള കമ്പനി നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്.
സമഗ്രവും ശാസ്ത്രീയവുമായ മാലിന്യപരിപാലനം ലക്ഷ്യമിട്ട് തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ സർക്കാർ രൂപീകരിച്ച പൊതു മേഖലാ സ്ഥാപനമാണ് ക്ലീൻ കേരള കമ്പനി.വിവിധ തദ്ദേശസ്ഥാപനങ്ങളിൽ നിന്നും ഏറ്റെടുത്ത വിലയുള്ള പാഴ് വസ്തുക്കൾ തൊടുപുഴ നെടിയശാലയിലെ സി.കെ.സിയുടെ റവന്യു റിക്കവറി ഫെസിലിറ്റിയിലെത്തിച്ചു വരികയാണ്.അവിടെ നിന്നും വിവിധ റീ സൈക്ലിംഗ് ഏജൻസികൾക്ക് കൈമാറും.നാളെ യോടെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള തരംതിരിച്ച അജൈവ പാഴ് വസ്തുക്കളെല്ലാം ക്ലീൻ കേരള കമ്പനി ആർ.ആർഎഫിലെത്തിക്കുമെന്നും ഡോ. മധു പറഞ്ഞു.
ക്യാപ്ഷൻ
അറക്കുളം പഞ്ചായത്തിൽനിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നു