ഇടുക്കി: വാർഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായി ജില്ലയിലെ തദ്ദേശഭരണസ്ഥാപന അദ്ധ്യക്ഷന്മാരുടെ യോഗം ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ നടക്കും. കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10.30 ന് ചേരുന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ .ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എച്ച് ദിനേശൻ അദ്ധ്യക്ഷനായിരിക്കും. തദ്ദേശഭരണസ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാർക്കു പുറമെ സെക്രട്ടറിമാർ, ജില്ലാതല ഉദ്യോഗസ്ഥർ, മിഷൻ കോർഡിനേറ്റർമാർ എന്നിവരും യോഗത്തിൽ പങ്കെടുക്കും. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട ജില്ലാ പദ്ധതിയിലെ നിർദ്ദേശങ്ങളും തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഏറ്റെടുക്കുന്ന സംയുക്ത പ്രോജക്ടുകളെക്കുറച്ചും യോഗത്തിൽ ധാരണയാകും. നടപ്പു വാർഷിക പദ്ധതിയുടെ നിർവ്വഹണ പുരോഗതി അവലോകനം ചെയ്യും. ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിക്ക് പുറമേ ഹരിതകേരളം, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ്, കുടുംബശ്രീ, ശുചിത്വമിഷൻ, ജലശക്തി അഭിയാൻ എന്നീ മിഷനുകളുടെ പ്രവർത്തനങ്ങളുടെ അവതരണവും വിലയിരുത്തലും ഒപ്പം നടക്കും. ജില്ലയിൽ നടന്നു വരുന്ന വികേന്ദ്രീകൃതാസൂത്രണ റൗണ്ട് സർവ്വെ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പൂർത്തീകരിക്കുന്നതിനുളള നടപടിയും യോഗത്തിൽ ചർച്ച ചെയ്യും.
ഗ്രാമസഭ
തദ്ദേശഭരണസ്ഥാപനങ്ങൾ ഫെബ്രുവരി 12 നകം ഗ്രാമസഭകൾ പൂർത്തിയാക്കി 23 നകം വാർഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കണം.