ചെറുതോണി: സന്ദർശകരുടെ തിരക്ക് വർദ്ധിച്ചതിനെത്തുടർന്ന് ഇടുക്കി ,ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാൻ ഒരുമാസംകൂടി അനുവദിച്ചു. അടുത്തമാസം 16 വരെയാണ് അനുമതിനൽകിയിരിക്കുന്നത്. അണക്കെട്ട് കാണുന്നതിനു ഏറെ സന്ദർശകരെത്തുന്നതിനാൽ ടൂറിസംവകുപ്പിന്റെ അഭ്യർത്ഥനമാനിച്ചാണ് അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞമാസം 37248 പേർ അണക്കെട്ടു സന്ദർശിക്കാനെത്തിയിരുന്നു. സന്ദർശകർക്ക് കൂടുതൽ ബഗ്ഗി കാറുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ,ചെറുതോണി അണക്കെട്ടുകൾ തമ്മിൽ മൂന്നു കിലോമീറ്റർ ദൂരമുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും യാത്രാ ബുദ്ധിമുട്ടായതിനാലാണ് 10 ബഗ്ഗികാറുകൾ അനുവദിച്ചിട്ടുള്ളത്. സ്വകാര്യ വാഹനങ്ങൾ കടത്തിവിടുകയില്ല. എട്ടുപേരടങ്ങുന്ന ഒരുകുടുംബത്തിന് 500 രൂപയാണ് ഫീസീടാക്കുന്നത്. അണക്കെട്ടു സന്ദർശിക്കുന്നതിന് മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് ഈടാക്കുന്നത്. ഇടുക്കിയിലെത്തുന്ന സന്ദർശകർ ഹിൽവ്യൂ പാർക്ക് കാണാനുമെത്തുന്നുണ്ട്. വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ബോട്ടിംഗിനും തിരക്ക് വർദ്ധിച്ചു. അണക്കെട്ട് സന്ദർശിക്കാൻ കൂടുതൽ സന്ദർശകരെത്താൻ തുടങ്ങിയതോടെ ജില്ലാ ആസ്ഥാനത്ത് ഹോട്ടലുകൾക്കും ലോഡ്ജുകൾക്കും കൊവിഡ് പ്രതിസന്ധി മറികടക്കാൻ സഹായകമായി. വ്യാപാരമേഖലയിലും പുത്തനുണർവ്വാണ് ഉണ്ടായത്. ഇടുക്കി അണക്കെട്ട് സ്ഥിരമായി സന്ദർശകർക്ക് തുറന്നുകൊടുക്കണമെന്ന ആവശ്യം വ്യാപാരിക

ൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.