 കൂളിംഗ് ഫിലും കർട്ടനും: രണ്ട് ദിവസത്തിനിടെ 117 പേർക്ക് പിഴ

തൊടുപുഴ: വാഹനങ്ങളിലെ കൂളിംഗ് ഫിലിമും കർട്ടനും ഉടൻ മാറ്റിക്കോ,​ ഇല്ലെങ്കിൽ മുട്ടൻ പണി കിട്ടും. മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ സ്‌ക്രീൻ പരിശോധന അതിശക്തമായാണ് ജില്ലയിൽ തുടരുന്നത്. രണ്ട് ദിവസം കൊണ്ട് 117 പേരാണ് കുടുങ്ങിയത്. മോട്ടോർ വാഹനവകുപ്പിന്റെ കീഴിലുള്ള എൻഫോഴ്സ്മെന്റിന്റെയും ആർ.ടി.ഒയുടെയും കീഴിൽ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് ഇത്രയധികം കേസുകൾ പിടികൂടിയത്. ഇന്നലെ മാത്രം 89 പേർക്കാണ് പിഴ ചുമത്തിയത്. ഇതിൽ 67 വാഹനങ്ങൾ പിടികൂടിയത് എൻഫോഴ്സ്മെന്റ് വിഭാഗമാണ്. 22 പേരെ ഇടുക്കി ആർ.ടി.ഒയുടെ കീഴിലുള്ള വിവിധ ഡിവിഷനുകളിൽ നിന്നും കണ്ടെത്തി. കാഴ്ചമറയ്ക്കുന്ന കൂളിംഗ് ഫിലീമുകളോ കർട്ടനോ ഉള്ള വാഹന ഉടമകളിൽ നിന്ന് 1250 രൂപയാണ് പിഴ ഈടാക്കുന്നത്. കൂടാതെ പിഴയടയ്ക്കുന്നതിനൊപ്പം കർട്ടനോ ഫിലിമോ നീക്കിയതായി തൊട്ടടുത്തുള്ള ആർ.ടി.ഒ ഓഫീസിലെത്തി സാക്ഷ്യപ്പെടുത്തുകയും വേണം. രണ്ടാമതും ആവർത്തിച്ചാൽ റജിസ്‌ട്രേഷൻ റദ്ദാക്കും. നിരോധനമറിയാതെ നിരവധി വാഹനങ്ങളാണ് കൂളിംഗ് ഫിലിമും കർട്ടനുകളുമായെത്തി കുടുങ്ങിയത്. ചിലർ തൽക്ഷണം കർട്ടൻ നീക്കം ചെയ്ത് രക്ഷപെട്ടു. വരും ദിവസങ്ങളിലും ജില്ലയിലെമ്പാടും കർശന പരിശോധനയുണ്ടാവുമെന്ന് ഇടുക്കി ആർ.ടി.ഒ ആർ. രമണനും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ. ഹരികൃഷ്ണനും അറിയിച്ചു. സ്വകാര്യ വാഹനങ്ങൾക്കു പുറമെ സർക്കാർ, അർധ സർക്കാർ വാഹനങ്ങളും പരിശോധനയിൽ ഉൾപ്പെടുത്തും.

അധികമായി എന്തുണ്ടെങ്കിലും പിഴ

കൂളിംഗ് ഫിലിം, കർട്ടൻ, നെറ്റ് ഇങ്ങനെ അധികമായി എന്ത് ഘടിപ്പിച്ചാലും പിഴ ഈടാക്കുകയാണ് ഓപ്പറേഷൻ സ്‌ക്രീനിന്റെ ലക്ഷ്യം. പിഴയടക്കുന്നതിനൊപ്പം കർട്ടനോ ഫിലിമോ നീക്കിയതായി തൊട്ടടുത്ത ആർ.ടി ഓഫീസിലെത്തിച്ച് സാക്ഷ്യപ്പെടുത്തുകയും വേണം. തെറ്റ് ആവർത്തിച്ചാൽ വാഹന രജിസ്‌ട്രേഷൻ റദ്ദാക്കും. ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് പരിശോധന കർശനമാക്കാൻ ട്രാൻപോർട്ട് സെക്രട്ടറി ഉത്തരവിറക്കിയത്. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്ക് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദ്ദേശമെത്തിയത്.