തൊടുപുഴ: കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ദിനമായ ഇന്നലെ ജില്ലയിൽ 508 പേർക്ക് വാക്‌സിൻ കുത്തിവയ്പ് നൽകി. ഇന്നലെ മാത്രം 770 പേർക്ക് കുത്തി വയ്പ് നൽകാനായിരുന്നു ക്രമീകരണങ്ങൾ ഒരുക്കിയിരുന്നത്. എന്നാൽ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന പലരും ക്വാറന്റൈനിൽ ആയിരുന്നതിനാലാണ് വാക്‌സിനെടുത്തവരുടെ എണ്ണത്തിൽ കുറവുണ്ടായത്. ആദ്യ ദിനത്തിൽ 296 പേർക്കാണ് വാക്‌സിൻ നൽകിയത്. ജില്ലയിൽ ഒൻപതു വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് തയാറാക്കിയിരിക്കുന്നത്. തിങ്കൾ , ചൊവ്വ , വ്യാഴം ദിവസങ്ങളിലാണ് വാക്‌സിൻ നൽകുന്നത്. പോളിയോ ഉൾപ്പെടെ മറ്റ് വാക്‌സിനേഷനുകൾ നടക്കുന്നതിനാൽ ബുധനാഴ്ച ഒഴിവാക്കി. കുത്തിവയ്‌പെടുത്ത ആർക്കും ഇതുവരെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.