തൊടുപുഴ: കാർഷിക മേഖലയെ പൂർണ്ണമായും കോർപ്പേറേറ്റുകൾക്ക് അടിയറവയ്ക്കുന്ന നിയമങ്ങൾ കേന്ദ്ര സർക്കാർ അടിച്ചേല്പിച്ചതു മൂലമാണ് കർഷകർ കൃഷി പോലും ഉപേക്ഷിച്ച് സമരം ചെയ്യാൻനിർബന്ധിതരായതെന്ന് എസ്.യു.സി.ഐ സംസ്ഥാന കർഷക സമരജാഥാ ക്യാപ്റ്റൻ ടി.കെ. സുധീർകുമാർ പറഞ്ഞു. തൊടുപുഴ കർഷക സമരഐക്യദാർഢ്യകേന്ദ്രത്തിൽ നൽകിയ സ്വീകരണത്തിനു നന്ദി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കർഷകസമര ഐക്യദാർഢ്യജാഥയെ ജില്ലാ അതിർത്തിയായ അച്ചൻകവലയിൽ നിന്നും ആനയിച്ച് ടൗൺചുറ്റി പ്രൈവറ്റ് ബസ് സ്റ്റാന്റ്, ഗാന്ധിസ്‌ക്വയർ വഴി ഐക്യദാർഢ്യസമരകേന്ദ്രത്തിയപ്പോൾ, ഐക്യദാർഢ്യ സമിതി ജില്ലാ ചെയർമാൻ പ്രൊഫ. എം.ജെ. ജേക്കബ്, വൈസ് ചെയർമാൻ ടി.ജെ. പീറ്റർ, കൺവീനർ നിഷ സോമൻ, പ്രൊഫ. വിൻസന്റ് മാളിയേക്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ജനറൽ കൺവീനർ എൻ. വിനോദ്കുമാർ അദ്ധ്യക്ഷനായി.
കർഷക സമരഐക്യദാർഢ്യ ജാഥയുടെ ഭാഗമായി 'ഉണരുന്ന കർഷകൻ' എന്ന തെരുവു നാടകം പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്തും ഐക്യദാർഢ്യകേന്ദ്രത്തിലും അവതരിപ്പിച്ചു.