തൊടുപുഴ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് കാഞ്ചിയാർ കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവേശിക്കപ്പെട്ട കിടപ്പുരോഗികൾക്ക് 2019 മാർച്ച് മുതൽ സെപ്തംബർ വരെ ഭക്ഷണം നൽകിയതിനുള്ള ബില്ലിന് പഞ്ചായത്ത് പണം നൽകി. രണ്ടുലക്ഷത്തോളം രൂപയുടെ ബില്ലാണ് മാറിയത്.
കോഴിമല സ്വദേശിനി റെനി ദിലീപിന്റെ പരാതിയിൽ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിനെ തുടർന്ന് പരിഹരിക്കപ്പെട്ടത്.
2016- 17 മുതൽ കാഞ്ചിയാർ പഞ്ചായത്ത് നടത്തി വരുന്ന നിർദ്ധനരോഗികൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിയാണ് പരാതിക്കിടയാക്കിയത്. കുടുംബശ്രീ കാന്റീനിൽ നിന്നും ഭക്ഷണം വാങ്ങി നൽകണമെന്നതായിരുന്നു പഞ്ചായത്തിലെ വ്യവസ്ഥ. എന്നാൽ പഞ്ചായത്തിൽ കുടുംബശ്രീ കാന്റീൻ ഉണ്ടായിരുന്നില്ല. തുടർന്ന് അയൽക്കൂട്ടങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ച് റെനി ദിലീപുമായി ഉച്ച ഭക്ഷണം നൽകുന്നതിന് കരാറിൽ ഏർപ്പെട്ടു. എന്നാൽ 2018 19 ലെ സംസ്ഥാന ഓഡിറ്റിൽ വ്യക്തിയിൽ നിന്നും ഉച്ചഭക്ഷണം വാങ്ങുന്നതിനെതിരെ പരാമർശമുണ്ടായി. ഉച്ചഭക്ഷണം സ്വീകരിക്കുന്ന കിടപ്പുരോഗികളുടെ ബി പി എൽ കാർഡ്‌ശേഖരിക്കണമെന്നും ഓഡിറ്റ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. എന്നാൽ ഇത് അപ്രായോഗികമാണെന്ന് പഞ്ചായത്ത് വിലയിരുത്തി. ഇതാണ് തുക നൽകാനുണ്ടായ കാലതാമസത്തിന് കാരണമെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
ഉത്തരവിനെ തുടർന്ന് തുക നൽകിയതായി പഞ്ചായത്ത് അറിയിച്ചു. തുക കിട്ടിയതായി പരാതിക്കാരിയും അറിയിച്ചതിനെ തുടർന്ന്‌കേസ് തീർപ്പാക്കി.