ഇടുക്കി: പിന്നാക്ക ജില്ലയെന്ന പേരുദോഷത്തിൽ നിന്ന് ഇടുക്കിയെ മോചിപ്പിക്കാൻ എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷരുടെയും സെകട്ടറിമാരുടെയും വാർഷിക പദ്ധതി നിർവഹണ യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഓൺലൈനായി ഉദ്ഘാടനം ചെയതു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ സിവിൽ സർവ്വീസ്, ഐ ഐ ടി, എൻ ഐ ടി, ഐ.ഐ.എം പോലെയുള്ള ഉന്നത രംഗങ്ങളിലേക്ക് കൂടുതൽ ചെറുപ്പക്കാരെ എത്തിക്കുന്നതിനുള്ള കർമപദ്ധതികൾ ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ചു നടപ്പിലാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. യോഗത്തിൽ ജില്ലാ കളക്ടർ എച്ച്. ദിനേശൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ. സാബു വർഗീസ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി ടീച്ചർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എൻ. മോഹനൻ, ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പ സാമി എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങൾ സംബന്ധിച്ച് ക്ലാസെടുത്തു.