nidhin
നിധിൻ

തൊടുപുഴ: അർബുദം ബാധിച്ച ഇടത് കൈ മുറിച്ചു മാറ്റേണ്ടി വന്ന നിർധനനായ യുവാവ് തുടർ ചികിത്സയ്ക്കും കൃത്രിമ കൈവച്ചു പിടിപ്പിക്കാനും ഉദാരമതികളുടെ കാരുണ്യം തേടുന്നു. പെരുമ്പിള്ളിച്ചിറ കടുവാക്കുഴിയിൽ തങ്കപ്പന്റെ മകൻ നിധിനാണ് (24) സഹായം തേടുന്നത്. എയർപോർട്ട് മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞ് എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുന്നതിനിടെ കഴിഞ്ഞ മേയിലാണ് ഇടതുകൈയിൽ ചെറിയ മുഴ വന്നത്. തുടർന്ന് ആലുവയിലെ സർക്കാർ ആശുപത്രിയിൽ ഡോക്ടറെ കണ്ടപ്പോൾ മസിലിന്റെ തകരാർ ആണെന്ന് പറഞ്ഞ് മരുന്ന് നൽകിയെങ്കിലും ഭേദമായില്ല. തുടർന്ന് തൊടുപുഴ ആയുർവേദ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും വേദന കൂടി വന്നതല്ലാതെ മാറ്റമൊന്നുമുണ്ടായില്ല. തുടർന്ന് മൂന്ന് മാസം മുമ്പ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയപ്പോഴാണ് സാർക്കോമയെന്ന അപൂർവ അർബുധമാണെന്ന് കണ്ടെത്തുന്നത്. അപ്പോഴേക്കും രോഗം മൂന്നാം ഘട്ടത്തിലെത്തിയതിനാൽ കൈ മുറിച്ച് മാറ്റുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നു. തുടർന്ന് കഴിഞ്ഞ മാസം 23ന് തലശേരി മലബാർ കാൻസർ സെന്ററിൽ നടത്തിയ ചികിത്സയുടെ ഭാഗമായി ഒരു മാസം മുമ്പ് ഇടതു കൈമുട്ടിന് താഴെ വച്ച് മുറിച്ചു മാറ്റി. ഇതിനിടെ ചികിത്സയ്ക്കും മറ്റുമായി ലക്ഷക്കണക്കിന് രൂപ ചെലവായി. കീമോ തെറാപ്പി ചികിത്സ ഉടൻ ആരംഭിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. അഞ്ച് കോഴ്‌സ് കീമോ തെറാപ്പി ചെയ്താൽ രോഗം പൂർണമായും ഭേദമാകുമെന്ന് ഡോക്ടർമാർ പറയുന്നു. കൂടാതെ, കൃത്രിമ കൈവച്ചു പിടിപ്പിച്ചാൽ നിധിന് പഠിച്ച ജോലി ചെയ്യാൻ കഴിയുമെന്ന് ആത്മവിശ്വാസവുമുണ്ട്. എന്നാൽ ഇതിന് അഞ്ച് ലക്ഷത്തോളം രൂപ വേണ്ടിവരും. കൂലിവേല ചെയ്ത് കുടുംബം പോറ്റുന്ന നിധിന്റെ പിതാവ് തങ്കപ്പനും പ്രായാധിക്യം കൊണ്ട് ജോലി ചെയ്യാൻ കഴിയുന്നില്ല. നാട്ടുകാരുടെയും സുമനസുകളുടെയും കാരുണ്യം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സാ ചെലവുകൾ നടന്നു വന്നത്. കൃത്രിമ കൈവച്ചു പിടിപ്പിക്കാൻ ഏവരും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നിർധന കുടുംബം. ഇതിനായി യൂണിയൻ ബാങ്ക് കുമാരമംഗലം ശാഖയിൽ നിധിന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് നിധിന്റെ ഫോൺ നമ്പർ: 9895710795.

അക്കൗണ്ട് വിവരം:
നിധിൻ കെ. തങ്കപ്പൻ
അക്കൗണ്ട് നമ്പർ: 445402010012260
യൂണിയൻ ബാങ്ക്, കുമാരമംഗലം ശാഖ
ഐ.എഫ്.എസ്.സി കോഡ്: യു.ബി.ഐ.എൻ 0544540