സ്വകാര്യ വ്യക്തിയുടെ 55 ഏക്കറിലെ 12 പട്ടയങ്ങൾ റദ്ദാക്കി
80 കോടി വില വരുന്ന സ്ഥലമാണ് കൈയേറിയത്
ഇടുക്കി: റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖ ചമച്ച് വാഗമണ്ണിൽ സ്വകാര്യ വ്യക്തി കൈയേറിയ വൻ കൈയേറ്റം ഒഴിപ്പിക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. 1989ൽ വാഗമൺ റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫൻ കൈയേറിയ 55 ഏക്കർ സർക്കാർ ഭൂമി ഒഴിപ്പിക്കാനാണ് ജില്ലാ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്. 55 ഏക്കറിലെ 12 പട്ടയങ്ങൾ റദ്ദാക്കുന്നതിനൊപ്പം ഇതിലെ മുഴുവൻ ആധാരങ്ങളും റദ്ദു ചെയ്യുന്നതിനുമാണ് കളക്ടർ ഉത്തരവിട്ടത്. ഭൂമി ഏറ്റൈടുക്കുന്നതിനായി പീരുമേട് എൽ.ആർ തഹസിൽദാരെയും ചുമതലപ്പെടുത്തി. വ്യാജ പട്ടയങ്ങളുണ്ടാക്കി കൈയേറ്റത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിനും ശുപാർശ ചെയ്തു. 1994 കാലഘട്ടത്തിൽ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൈയേറ്റ ഭൂമിക്ക് 12 പട്ടയങ്ങളുണ്ടാക്കിയ ശേഷം പ്ലോട്ടുകളാക്കി റിസോർട്ട് നിർമാണത്തിന് മുറിച്ചു വിൽക്കുകയായിരുന്നു ഇവർ. ഇവിടെയിപ്പോഴുള്ളത് ഇരുന്നൂറിലേറെ റിസോർട്ടുകളാണ്. ചില നിർമ്മാണങ്ങൾ നടന്നു വരുന്നുമുണ്ട്. ജോളി സ്റ്റീഫന്റെ മുൻ ഭാര്യ ഷേർളി മറ്റൊരു സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നപ്പോഴാണ് കൈയേറ്റം പുറത്തായത്. ഷേർളിയുടെ പേരിലുള്ള പത്തേക്കർ സ്ഥലം കിട്ടുന്നതിനു വേണ്ടിയാണ് പരാതി നൽകിയത്. ഈ പരാതിയിലും ഉടൻ നടപടിയുണ്ടാകും. കളക്ടർ എച്ച്. ദിനേശന്റെ നിർദ്ദേശത്തെ തുടർന്ന് റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിൽ സ്ഥലം പുറമ്പോക്ക് ഭൂമിയാണെന്നും പട്ടയങ്ങൾ വ്യാജമാണെന്നും കണ്ടെത്തി. കൈയേറിയ ഭൂമിക്ക് പട്ടയമുണ്ടാക്കുന്നതിനും മറ്റും ഒത്താശ ചെയ്തത് അന്നത്തെ പീരുമേട് താലൂക്കിലെയും വാഗമൺ വില്ലേജിലേയും ഉദ്യോഗസ്ഥരാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പങ്കിനെ കുറിച്ച് ക്രൈംബ്രാഞ്ച് അല്ലെങ്കിൽ വിജിലൻസ് അന്വേഷിക്കണമെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നത്.
സ്ഥലം വാങ്ങിയവർ കുടുങ്ങി
സർക്കാർ കണക്ക് പ്രകാരം 80 കോടി രൂപ വില വരുന്ന സ്ഥലമാണ് ഇവർ കൈയേറിയത്. ഇതിനായി വ്യാജ മേൽവിലാസത്തിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സർവമുക്ത്യാർ തയ്യാറാക്കി പട്ടയവും തരപ്പെടുത്തി. പിന്നീട് ഇവയെല്ലാം ഒരാളുടെ പേരിലാക്കി. വൈകാതെ തന്നെ സ്ഥലം പ്ലോട്ടുകളാക്കി തിരിച്ച് വിൽപ്പനയും നടത്തി. ഇവരെ വിശ്വസിച്ച് സ്ഥലം വാങ്ങിയ നിരപരാധികളായ ധാരാളം പേരാണ് ഇതോടെ കുരുക്കിലായത്. സ്ഥലം വാങ്ങിവരിൽ അധികവും ജില്ലയ്ക്കും സംസ്ഥാനത്തിനും പുറത്തുള്ളവരാണ്. സ്ഥലം വാങ്ങിയിരിക്കുന്ന ആളുകളോട് രേഖകൾ ഹാജരാക്കാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇതിന് പലരും തയ്യാറായിട്ടില്ല.