നെടുങ്കണ്ടം: നെടുങ്കണ്ടം താലൂക്കാശുപത്രിയിലെ അറ്റൻഡറെ ആംബുലൻസിൽ എത്തിയ രണ്ട് പേർ ചേർന്ന് മർദിച്ചതായി പരാതി. താലൂക്കാശുപത്രി അറ്റൻഡറും ഡ്രൈവറുമായ നൈസാമുദ്ദീനാണ് മർദനമേറ്റത്. രോഗിയുമായി കോട്ടയത്തിന് പോയി മടങ്ങിയെത്തിയ ആംബുലൻസിൽ ഉണ്ടായിരുന്ന രണ്ട് പേരാണ് മർദിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് നെടുങ്കണ്ടം പൊലീസ് പറഞ്ഞു. മർദിച്ചവർ മദ്യലഹരിയിലായിരുന്നതായും സംശയമുണ്ട്. കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരേ കേസെടുത്തതായി നെടുങ്കണ്ടം എസ്.ഐ കെ. ദിലീപ് കുമാർ അറിയിച്ചു.