munnar-old

ഇടുക്കി: ട്രെയിനുകളില്ലാത്ത ജില്ലയെന്ന ചീത്തപ്പേര് വയനാടിന് മാത്രമല്ല,​ ഇടുക്കിക്കുമുണ്ട്. 24 വർഷം മുമ്പ് പ്രഖ്യാപിച്ച ശബരിപാത യാഥാർത്ഥ്യമായിരുന്നെങ്കിൽ ഇടുക്കിയുടെ ചീത്തപ്പേര് മാറുമായിരുന്നു. എന്നാൽ,​ ഏകദേശം 97 വർഷം മുമ്പ് ഇടുക്കി ജില്ലയിലെ മൂന്നാറിൽ ട്രെയിനുണ്ടായിരുന്നുവെന്ന കാര്യം നമുക്ക് എത്രപേർക്കറിയാം?​ മൂന്നാറിൽ വിനോദസഞ്ചാരികൾക്കായി ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന ബഡ്ജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചതോടെയാണ് പുകയായ പഴയ തീവണ്ടിക്കഥ വീണ്ടും ചൂളം വിളിച്ചെത്തിയത്.

1902 മുതൽ 1924 വരെ മൂന്നാറിലെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ തീവണ്ടി

ചൂളംവിളിച്ച് ഒാടിയിരുന്നു. തേയിലയും മറ്റു ചരക്കുകളും മാട്ടുപ്പെട്ടിയിലും അവിടെ നിന്ന് തൂത്തുക്കുടി തുറമുഖത്തും എത്തിക്കാനുള്ള എളുപ്പ മാർഗമായിട്ടായിരുന്നു ബ്രിട്ടീഷുകാർ റെയിൽപ്പാത സ്ഥാപിച്ചത്. മൂന്നാറിൽ നിന്ന് മാട്ടുപ്പെട്ടി, കുണ്ടള വഴി തമിഴ്‌നാടിന്റെ അതിർത്തിയായ ടോപ്‌സ്റ്റേഷൻ വരെയായിരുന്നു ഈ റെയിൽവേ ലൈൻ. 1908ൽ ആവി എൻജിനുകൾ ഉപയോഗിച്ചുള്ള തീവണ്ടി, പാതയിലൂടെ ഓടിച്ചുതുടങ്ങി. ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്തതായിരുന്നു ഈ തീവണ്ടി.

എല്ലാം തകർത്ത മഹാപ്രളയം

99ലെ വെള്ളപ്പൊക്കമെന്ന പേരിൽ അറിയപ്പെടുന്ന 1924ലെ മഹാപ്രളയമാണ് മൂന്നാറിലെ റെയിൽവേ സംവിധാനം ആകെ തൂത്തെറിഞ്ഞത്. കൊല്ലവർഷം 1099ൽ കർക്കടകമാസം ഒന്നിന് (ജൂലായ് 17) തുടങ്ങിയ മഴ മൂന്നാഴ്ചയോളമാണ് തകർത്തുപെയ്തത്. കേരളചരിത്രത്തിൽ ഏറ്റവും വലിയ വെള്ളപ്പൊക്കമായാണ് ഇത് അടയാളപ്പെടുത്തിയിട്ടുള്ളത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളെയാണ് വെള്ളപ്പൊക്കം കൂടുതലായി ബാധിച്ചത്. എത്രപേർ മരിച്ചെന്നതിന് ഒരു കണക്കുമില്ല. നിരവധിപ്പേർക്ക് കിടപ്പാടം നഷ്ടമായി. കൃഷിയും സ്വത്തും നശിച്ചു. ഉയർന്ന പ്രദേശമായ മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വരെ വെള്ളം പൊങ്ങി.

മുതിരപ്പുഴയാറ്റിലുണ്ടായ വെള്ളപ്പൊക്കമാണ് സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരത്തിലുള്ള മൂന്നാറിനെ ബാധിക്കാൻ പ്രധാന കാരണം. ഉരുൾപൊട്ടലിനെ തുടർന്ന് തകർന്നു വീണ പാറകളും മരങ്ങളും ചേർന്ന് മാട്ടുപ്പെട്ടിയിലെ രണ്ടു മലകൾക്കിടയിൽ തടയിണ രൂപ്പപ്പെട്ടു. മഴ ശക്തമായപ്പോൾ ഈ പാറയും മണ്ണും മരങ്ങളും വെള്ളവുമെല്ലാം ഒഴുകിയെത്തി മൂന്നാറിനെ ഇല്ലാതാക്കുകയായിരുന്നു. അന്ന് പലയിടങ്ങളിലും അപൂർവമായിരുന്ന വൈദ്യുതി, ടെലിഫോൺ, റെയിൽവേ, റോപ്‌വേ, വീതിയേറിയ റോഡുകൾ, വിദ്യാലയങ്ങൾ, മികച്ച ആശുപത്രി എന്നിവ മൂന്നാറിലുണ്ടായിരുന്നു. അവയെല്ലാം പ്രളയം തകർത്തുകളഞ്ഞു. അന്ന് ഒഴുകിപ്പോയതെല്ലാം പിന്നീട് മൂന്നാറിലേക്ക് തിരികെകൊണ്ടുവരാനായെങ്കിലും റെയിൽ സംവിധാനം മാത്രം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല. റെയിൽപാളങ്ങളുടെയും സ്റ്റേഷന്റെയും അവശിഷ്ടങ്ങൾ മൂന്നാറിലെ ടോപ്‌സ്റ്റേഷനിലും മറ്റും ഇപ്പോഴും കാണാം.

മൂന്നാർ ടൗണിലും പരിസരപ്രദേശങ്ങളിലും ഇന്നു കാണുന്ന ഇലക്ട്രിക് പോസ്റ്റുകളിൽ പലതും പഴയ റെയിൽപ്പാളങ്ങളാണ്. മൂന്നാറിലെ റെയിൽവേ സ്റ്റേഷനായി പ്രവർത്തിച്ച കെട്ടിടം ഇന്നത്തെ ടാറ്റ ടീയുടെ ഒാഫീസാണ്.റെയിൽവേ ട്രാക്ക് കടന്നുപോയ വഴികൾ പിന്നീട് റോഡാക്കി മാറ്റി.

നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷുകാർ സ്ഥാപിച്ച റെയിൽവേ സംവിധാനം സാങ്കേതിക വിദ്യയും മാനവ വിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളും ഇക്കാലത്തും നമ്മുടെ സർക്കാരുകൾക്ക് പുനഃസ്ഥാപിക്കാനായില്ലെന്നത് ഓർക്കണം. മൂന്നാറിലെ വിനോദസഞ്ചാരികളെ ആകർഷിക്കാൻ മോണോ റെയിൽ ആരംഭിക്കണമെന്ന് ഇപ്പോഴെങ്കിലും സർക്കാരിന് തോന്നിയല്ലോ!

ഡാർജിലിംഗ് മാതൃക

മലകൾ തുരന്നും ചെങ്കുത്തായ താഴ്‌വരകളിലൂടെയും കടന്നുപോകുന്ന ലോക പൈതൃക റെയിൽവേയിൽ ഇടം പിടിച്ച ഡാർജിലിംഗ് ട്രെയിൻ സർവീസ് മാതൃകയാണ് മൂന്നാറിലും പരീക്ഷിക്കുന്നത്. കുണ്ടളവാലിയിലൂടെ പോകുന്ന പഴയ റെയിൽവേ പാതയ്ക്ക് 35 കിലോമീറ്ററായിരുന്നു ദൈർഘ്യം. ആദ്യഘട്ടത്തിൽ മൂന്നാർ ടൗണിനുസമീപം മാട്ടുപ്പെട്ടി റോഡിലെ കെ.എഫ്.ഡി.സി പൂന്തോട്ടം മുതൽ മാട്ടുപ്പട്ടി അണക്കെട്ടിനുസമീപമുള്ള തേയില ഫാക്ടറിവരെയുള്ള അഞ്ച് കിലോമീറ്റർ ദൂരം നവീകരിക്കും.

പദ്ധതിയുടെ ആദ്യഘട്ടം വിജയമായാൽ പഴയ പാത പൂർണമായും പുനരുജ്ജീവിപ്പിക്കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം. ഇരുമ്പുതൂണുകളിൽ ഉറപ്പിക്കുന്ന പാളത്തിൽ കൂടിയാണ് ട്രെയിൻ പോകുക. കെ.എഫ്.ഡി.സി പൂന്തോട്ടം, കൊരണ്ടക്കാട്, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലാകും സ്റ്റേഷനുകൾ. പദ്ധതിയുമായി സഹകരിക്കാനും ഭൂമി വിട്ടുനൽകാനും ടാറ്റ കമ്പനി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് ബഡ്ജറ്റ് അവതരണത്തിൽ മന്ത്രി വ്യക്തമാക്കിയത്. ഇതോടെ മൂന്നാറിലെ മഞ്ഞുപുതച്ച തേയിലത്തോട്ടങ്ങളുടെയും മലനിരകളുടെയും ഭംഗി ഇനി ചൂളം വിളിയുടെ അകമ്പടിയോടെ ആസ്വദിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സഞ്ചാരികൾ. എന്നാൽ,​ കാൽനൂറ്റാണ്ടായിട്ടും യാഥാർത്ഥ്യമാകാത്ത ശബരിപാത പോലെ ഇതും അനന്തകാലം നീണ്ടുപോകരുതേയെന്ന പ്രാർത്ഥയും ഇവർക്കുണ്ട്.