മൂന്നാർ: ഗ്രാമീണ വികസനം സംബന്ധിച്ച പാർലമെന്റ് സമിതിയുടെ സന്ദർശനം മൂന്നാറിന് വ്യത്യസ്ത അനുഭവമായി. ഗ്രാമീണ മേഖലയിൽ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും ഫണ്ടിന്റെയും നടത്തിപ്പും വിനിയോഗവും അവലോകനം ചെയ്യുന്നതിനാണ് പ്രതാപ് റാവു ജാദവിന്റെ നേതൃത്വത്തിലുള്ള സമിതിയിലെ 17എം പിമാരാണ് മൂമൂന്നാറിലെത്തിയത്.

ഇന്നലെ രാവിലെ മൂന്നാർ ടൗണിലെ ഇക്കാ നഗറിലെ അംഗൻവാടിയിലാണ് സമിതി അംഗങ്ങൾ ആദ്യ സന്ദർശനം നടത്തിയത്. അംഗൻവാടിയുടെ പ്രവർത്തനവും കുട്ടികൾക്കുള്ള ഭക്ഷണ വിതരണത്തെക്കുറിച്ചും അംഗങ്ങൾ ചോദിച്ചറിഞ്ഞു. ഭക്ഷ്യ സാധനങ്ങളുടെ നിലവാരവും പരിശോധിച്ചു.

തുടർന്ന് മൂന്നാർ ഗ്രാമപഞ്ചായത്തിലെത്തിയ അംഗങ്ങളെ ചെണ്ടവാദ്യത്തിന്റെ അകമ്പടിയോടെ പ്രസിഡന്റ് കനിമൊഴിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ അജിത് കുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. കുര്യാക്കോസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.

പഞ്ചായത്ത് ഹാളിൽ സമിതി ചെയർമാൻ പ്രതാപ് റാവു ജാദവ് എം.പി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷൻ കോ-ഓർഡിനേറ്റർ ഡോ. ദിവ്യ എസ് അയ്യർ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

കുടുംബശ്രീ ചീഫ് എക്‌സിക്യൂട്ടീവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറുമായ എസ്. ഹരി കിഷോർ, പഞ്ചായത്ത് വകുപ്പ് ഡയറക്ടർ പി.കെ ജയശ്രീ, അഡീഷണൽ ഡയറക്ടർ അജിത്കുമാർ, ഡെപ്യൂട്ടി ഡയറക്ടർ കെ.വി. കുര്യാക്കോസ്, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ കെ ജി അജേഷ്, തൊഴിലുറപ്പ് പദ്ധതി ജില്ലാ അസി. കോഓർഡിനേറ്റർ ബിൻസി തോമസ്, മറ്റ് വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മുന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജിത് കുമാറിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്ക് ഉപഹാരം നൽകി.

ഗ്രാമപഞ്ചായത്ത് സന്ദർശനത്തിനു ശേഷം ടീ കൗണ്ടിയിൽ ഗ്രാമീണ വികസനം സംബന്ധിച്ച അവലോകന യോഗം ചേർന്നു. കാനറ ബാങ്ക് എംഡിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എൽ.വി. പ്രഭാകർ ആമുഖ പ്രഭാഷണം നടത്തി. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഗ്രാമീണ മേഖലയിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങൾ സംബന്ധിച്ചും തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ സംബന്ധിച്ചും വിശദീകരിച്ചു. ജില്ലാ കളക്ടർ എച്ച്. ദിനേശൻ, സബ് കളക്ടർ പ്രേം കൃഷ്ണൻ, തഹസിൽദാർ ജിജി കുന്നപ്പിള്ളിൽ, ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.