ഇടുക്കി: കഴിഞ്ഞ 35 വർഷമായി ജില്ലയിൽ പ്രവർത്തിച്ചു വരുന്ന കോഫി ബോർഡിന്റെ ആഫീസുകൾ അടച്ചു പൂട്ടാൻ കേന്ദ്ര സർക്കാർ നീക്കം. ഇടുക്കി ഉൾപ്പെടെയുള്ള അഞ്ച് ജില്ലകളിലെയും കാപ്പി കർഷകരുടെ ക്ഷേമപദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരുന്ന ആഫീസുകളാണ് കർണാടകയിലേയ്ക്ക് മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. ഇടുക്കി, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 86,000 ചെറുകിട കാപ്പി കർഷക കുടുബങ്ങളുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് കൂട്ട അടച്ചുപൂട്ടൽ. കഴിഞ്ഞ 15 വർഷമായി വിലയിടിവും വിളനാശവും മൂലം കടക്കെണ.ിയിലാകുന്നതാണ് കാപ്പികർഷകർക്ക് കൂടുതൽ ദുരിതം നൽകുന്നതാണ് കേന്ദ്രസർക്കാരിന്റെ ഓർക്കാപ്പുറത്തുള്ള തീരുമാനം. ജില്ലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ടീ ബോർഡിന്റെ അഞ്ച് സബ് ആഫീസുകൾ അഞ്ച് വർഷങ്ങൾക്ക് മുമ്പ് കേന്ദ്രസർക്കാർ അടച്ചുപൂട്ടാൻ ഉത്തരവിട്ട് കർണാടക- തമിഴ്‌നാട് സംസ്ഥാനങ്ങളിലേയ്ക്ക് മാറ്റി സ്ഥാപിച്ചിരുന്നു. വണ്ടിപ്പെരിയാർ, അടിമാലി ആഫീസുകൾ കൂടി നിറുത്തിയാൽ വാഴവരയുള്ള കോഫീ ലയ്‌സൺ ഓഫീസ് മാത്രമാണ് അഞ്ച് ജില്ലയിലേയും കർഷകർക്ക് ആശ്രയമായിട്ടുള്ളത്.
കാപ്പി നടീൽ, പരിപാലനം, ജലസേചന സൗകര്യങ്ങൾ, കാപ്പിക്കുരു സംഭരണമുറി, കാപ്പി ഉണക്കാൻ കോൺക്രീറ്റ് യാർഡ്, വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ തുടങ്ങിയ ഒട്ടേറെ ആനുകൂല്യങ്ങൾ വിവിധ ആഫീസുകളിൽ നിന്ന് ലഭിച്ചിരുന്നു.

നിവേദനം നൽകി

അഞ്ച് ജില്ലകളിലെ 44 കോഫി എസ്റ്റേറ്റ് ഉടമകൾക്ക് ബോർഡിന്റെ ആനുകൂല്യം വീതം വയ്ക്കാനാണ് സാധാരണക്കാരന് എത്തിപ്പെടാവുന്ന ആഫീസുകൾ മുഴുവൻ അടച്ചുപൂട്ടുന്നത്. തീരുമാനം പുനഃപരിശോധിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചെറുകിട കർഷക ഫെഡറേഷൻ മുഖ്യമന്ത്രി,​ ഡീൻ കുര്യാക്കോസ് എം.പി എന്നിവർക്ക് നിവേദനം നൽകി.

''കോഫീ ബോർഡിന്റെ ആഫീസുകൾ അടച്ചു പൂട്ടാൻ കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണം. ആഫീസ് മാറ്റത്തിനെതിരെ മുഖ്യമന്ത്രിയും ജില്ലയിലെ ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണം.

-വൈ.സി സിറ്റീഫൻ (ചെറുകിട കർഷക ഫെഡറേഷൻ പ്രസിഡന്റ്)