തൊടുപുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ 23ന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ധർണ നടത്തും. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കുക, വാളയാർ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കുക, ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, അർഹതപ്പെട്ടവർക്കെല്ലാം പട്ടയം നൽകുക, കൈവശഭൂമിയിലെ കൃഷി ദേഹണ്ഡങ്ങൾ നശിപ്പിക്കുന്നത് അവസാനിപ്പിക്കുക,​ സംസ്ഥാന സർക്കാരിന്റെ അഴിമതിയും പി.എസ്.സി നിയമനങ്ങൾ അട്ടിമറിച്ചതും സി.ബി.ഐ അന്വേഷണം നടത്തുക, മുൻ ബഡ്ജറ്റ് വാഗ്ദാനങ്ങൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. തൊടുപുഴയിൽ പി.ജെ. ജോസഫ് എം.എൽ.എ, അടിമാലിയിൽ മുൻ എം.എൽ.എ എ.കെ. മണി, നെടുങ്കണ്ടത്ത് മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.എം. അബ്ബാസ്, കട്ടപ്പനയിൽ മുൻ എം.എൽ.എ അഡ്വ. ഇ.എം. ആഗസ്തി, ഏലപ്പാറയിൽ ആർ.എസ്.പി ജില്ലാ സെക്രട്ടറി ജി. ബേബി എന്നിവർ ധർണ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾ പ്രസംഗിക്കുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ്ബും അറിയിച്ചു.