 പ്രമേയം തള്ളിയത് യു.ഡി.എഫും ബി.ജെ.പിയും ഒരുമിച്ച് വോട്ട് ചെയ്തപ്പോൾ

തൊടുപുഴ: നേരത്തെ റവന്യൂ ടവർ നിർമാണത്തിന് ഏറ്റെടുത്തിരുന്ന പഴയ ബസ് സ്റ്റാൻഡ് മൈതാനം നഗര വികസനത്തിന് വിട്ട് നൽകാൻ സർക്കാരിനോട് ആവശ്യമുന്നയിച്ച് ഭരണപക്ഷ കൗൺസിലർ കൊണ്ടു വന്ന പ്രമേയം പ്രതിപക്ഷം വോട്ടിനിട്ട് തള്ളി. ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ എൽ.ഡി.എഫ് കൗൺസിലർമാരായ പ്രൊഫ. ജെസി ആന്റണി അവതാരകയും ജോസ് മഠത്തിൽ അനുവാദകനുമായാണ് പ്രമേയം കൊണ്ടുവന്നത്. റവന്യൂ ടവർ നിർമാണത്തിനായി ഹൗസിംഗ് ബോർഡിന് വിട്ടു കൊടുത്തിരുന്ന പഴയ ബസ് സ്റ്റാന്റ് വക 48 സെന്റ് സ്ഥലവും ചേർന്നുള്ള ഒരേക്കറോളം വരുന്ന റവന്യൂ പുറമ്പോക്കും നഗരസഭയുടെ വികസനപ്രവർത്തനങ്ങൾക്ക് വിട്ടുനൽകാൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കണമെന്നതായിരുന്നു പ്രമേയം. പുറമ്പോക്ക് സ്ഥലം മുമ്പ് ഫോറസ്റ്റ് റേഞ്ച് ആഫീസായി പ്രവർത്തിച്ചിരുന്നതും പിന്നീട് ഹൗസിംഗ് ബോർഡിന് കൈമാറിയതുമാണ്. എന്നാൽ ഈ സ്ഥലം മൈതാനമായി ഉപയോഗിക്കാൻ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് നഗരസഭ മുമ്പ് രേഖാമൂലം സർക്കാരിനോടാവശ്യപ്പെട്ടിരുന്നതായും ഈ ഫയലിൽ തീരുമാനമെടുക്കുന്നതിനു പകരം പുതിയ പ്രമേയം കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും പ്രതിപക്ഷം തർക്കം ഉന്നയിച്ചു. ഇതോടെ പ്രമേയം വോട്ടിനിടുകയായിരുന്നു. യു.ഡി.എഫ്- ബി.ജെ.പി അംഗങ്ങൾ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു. പതിനഞ്ചിനെതിരെ 20 വോട്ട്കൾക്ക് പ്രമേയം തള്ളുകയായിരുന്നു. പ്രമേയത്തെ അനുകൂലിച്ച് ഭരണപക്ഷത്ത് നിന്ന് പ്രൊഫ. ജെസി ആന്റണി, ആർ. ഹരി എന്നിവർ സംസാരിച്ചു. പ്രമേയത്തിനെതിരെ ജോസഫ് ജോൺ, കെ. ദീപക്, സഫിയാ ജബ്ബാർ, ടി.എസ്. രാജൻ എന്നിവരും സംസാരിച്ചു.

''ഈ സ്ഥലം മൈതാനമായി ഉപയോഗിക്കാൻ നഗരസഭയ്ക്ക് ഔദ്യോഗികമായി വിട്ടു നൽകണമെന്നാവശ്യപ്പെട്ട് നഗരസഭ മുമ്പ് രേഖാമൂലം സർക്കാരിനോടാവശ്യപ്പെടുകയും പി.ജെ. ജോസഫ് എം.എൽ.എ നേരിട്ട് റവന്യൂ മന്ത്രിയോട് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്. ഈ സ്ഥലം മനോഹരമാക്കുന്നതിനും സമീപത്തുള്ള മുനിസിപ്പൽ പാർക്കുമായി ബന്ധിപ്പിച്ച് നടപ്പാലം നിർമ്മിക്കുന്നതിനുമുള്ള അഞ്ചു കോടി രൂപയുടെ ടൂറിസം പദ്ധതി എം.എൽ.എ സമർപ്പിച്ചിട്ടുള്ളത് സർക്കാർ അംഗീകരിച്ചിട്ടുണ്ട്."

- പ്രതിപക്ഷ കൗൺസിലർ അഡ്വ. ജോസഫ് ജോൺ

''കഴിഞ്ഞ 19 വർഷമായി അനാഥമായി കിടന്ന സ്ഥലം ഏറ്റെടുത്ത് വികസന പ്രവർത്തനങ്ങൾ നടത്താനാണ് നഗരസഭ ലക്ഷ്യമിട്ടിരുന്നത്. നിലവിൽ ഇവിടം സാമൂഹിക വിരുദ്ധരുടെ താവളമാണ്. റവന്യൂ മന്ത്രിയുമായി ഭരണസമിതി ബന്ധപ്പെട്ടപ്പോൾ പ്രമേയം പാസാക്കി അപേക്ഷ സമർപ്പിക്കാൻ അറിയിച്ചിരുന്നു. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നഗരസഭയ്ക്ക് സ്ഥലം വിട്ടുകിട്ടിയാൽ അതിന്റെ ക്രെഡിറ്റ് പോകുമെന്ന് അറിഞ്ഞാണ് യു.ഡി.എഫ് പ്രമേയത്തെ എതിർത്ത് അവസരവാദ രാഷ്ട്രീയം കളിക്കുന്നത്.

-ഭരണകക്ഷി കൗൺസിലർ ആർ. ഹരി