തൊടുപുഴ: സംസ്ഥാനത്തെ മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർക്കുള്ള അവാർഡ് ഇടുക്കിക്കാരിയായ സൂസൻ ബെഞ്ചമിന്. കാർഷിക വിജ്ഞാന വ്യാപന വിഭാഗം അവാർഡാണ് കട്ടപ്പന എ.ഡി.എ ആയിരുന്ന സൂസൻ ബെഞ്ചമിന് ലഭിച്ചത്. ലോക്ഡൗൺ കാലയളവിൽ പൈനാപ്പിൾ ചലഞ്ച് എന്ന പേരിൽ കർഷകർക്ക് ന്യായവില ഉറപ്പാക്കുന്നതിനായി ആരംഭിച്ച വിപണിയിലൂടെ 100 ടണ്ണോളം പൈനാപ്പിളാണ് വിറ്റഴിച്ചത്. കൂടാതെ പ്രകൃതി ക്ഷോഭത്തിൽ വീണു പോയ നേന്ത്രക്കായ സംഭരിച്ച് ചിപ്‌സാക്കി ഉപ്പുതറ അഗ്രോ സർവീസ് സെന്ററിലൂടെ വിറ്റഴിച്ച ഉപ്പേരി ചലഞ്ചും ഏറെ ശ്രദ്ധ നേടിയിരുന്നു. ഹരിത ബ്ലോക്ക് തല ഫെഡറേറ്റഡ് സമിതി പുനരുദ്ധരിച്ച് പച്ചക്കറി വിപണിയും ആരംഭിച്ചു. ഈ പ്രവർത്തനങ്ങളാണ് സംസ്ഥാന അവാർഡിനു പരിഗണിച്ചത്. 1997- 98 വർഷത്തിൽ വാത്തിക്കുടി പഞ്ചായത്തിൽ ഊർജിത പച്ചക്കറി വികസനത്തിലൂടെ ജില്ലയിലെ മികച്ച കൃഷി ആഫീസറായും 2015- 16 കാലയളവിൽ കേരഗ്രാമം പദ്ധതിയിലൂടെ ആരക്കുഴ പഞ്ചായത്തിൽ മികച്ച പ്രവർത്തനത്തിലൂടെ എറണാകുളം ജില്ലയിലെ മികച്ച കൃഷി ആഫീസറായും തിരഞ്ഞെടുക്കപ്പെട്ടു. 2018- 19 വർഷം പച്ചക്കറി വികസനത്തിലൂടെ ജില്ലയിലെ മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടറായും തിരഞ്ഞെടുത്തു. തൊടുപുഴ ഗ്രീൻവാലി ഹോംസിൽ ഊരക്കാട്ടിൽ ഒ.സി. ബേബിച്ചന്റെ ഭാര്യയാണ്. മക്കൾ: മഞ്ജു, അഞ്ജു, അക്‌സ.