തൊടുപുഴ: മികച്ച കാർഷിക പ്രവർത്തനങ്ങൾ നടത്തുന്ന റസിഡന്റ്‌സ് അസോസിയേഷനുള്ള സംസ്ഥാന അവാർഡ് ന്യൂമാൻ റസിഡന്റ്‌സ് അസോസിയഷന്. അസോസിയേഷനു കീഴിലുള്ള എല്ലാ വീടുകളിലും കറിവേപ്പ്, മുരിങ്ങ, പപ്പായ, കോവൽ, ചീര എന്നിവ നിർബന്ധമാക്കിയതും നടാനുള്ള വിത്തുകൾ വീടുകളിൽ എത്തിച്ചു നൽകിയതുമാണ് അവാർഡിന് അർഹമാക്കിയത്. കൂടാതെ തരിശുനില കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരേക്കർ സ്ഥലം അഞ്ച് വർഷത്തേക്ക് പാട്ടത്തിനെടുത്ത് അതിൽ വിവിധ ഇനം കൃഷികൾ എല്ലാ അംഗങ്ങളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ ചെയ്തു. ജീവനി' പദ്ധതിയുടെ ഭാഗമായി ലഭിച്ച പച്ചക്കറി വിത്തുകൾ, തൈകൾ, ടിഷ്യൂകൾച്ചർ വാഴത്തൈകൾ എന്നിവ എല്ലാ വീടുകളിലും എത്തിച്ചു നൽകി. കൃഷിഭവന്റെ സഹായത്തോടെ അടുക്കള തോട്ടമായും ടൈറസ് കൃഷിയായും ഗ്രോബാഗ് കൃഷിയും നടപ്പിലാക്കുന്നുണ്ട്. എല്ലാ വീടുകളിലും ഔഷധച്ചെടികൾ, മാതൃകാ അടുക്കളത്തോട്ട മത്സരം, ഉത്പന്നങ്ങളുടെ വിപണനം, കൃഷി സംബന്ധമായ വിവിധ ബോധവത്കരണ പരിപാടികൾ, ഫീൽഡ് ട്രെയിനിംഗ് പ്രോഗ്രാമുകൾ എന്നിവയെല്ലാം അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. മഴ മറ കൃഷി, ടെറസ് കൃഷി, മൈക്രോ ഗ്രീൻ കൾട്ടിവേഷൻ തുടങ്ങി നൂതന കാർഷിക മുറകളും പോളി ഹൗസ് ഉൾപ്പെടെയുള്ള കൃഷി രീതികളും കിണർ റീച്ചാർജിംഗ്, മഴക്കുഴികൾ, മഴ വെള്ള സംഭരണികൾ എന്നിങ്ങനെ ജലസംരക്ഷണ പ്രവർത്തനങ്ങളും അസോസിയേഷനുണ്ട്. 2009 ൽ പ്രവർത്തനം ആരംഭിച്ച അസോസിയേഷനിൽ 50 കുടുംബങ്ങൾ അംഗങ്ങളാണ്. പ്രസിഡന്റ് വി.എം. സോജൻ, സെക്രട്ടറി സി.കെ. നവാസ്, വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജേക്കബ്, ട്രഷറർ സി.പി.മോഹൻദാസ്, ടീം ലീഡർ കെ.കെ.ആന്റണി എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.