കൊച്ചി: ഇടമലക്കുടി ആദിവാസി കോളനിയിലേക്ക് റേഷൻ സാധനങ്ങൾ മുടങ്ങാതെ എത്തിക്കാൻ നടപടി വേണമെന്നും ഇവിടേക്ക് റോഡുണ്ടാക്കാനുള്ള സാദ്ധ്യത പരിശോധിക്കണമെന്നും സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഡെൽഹിയിലെ എൻ.സി.ടി സംഘടനയുടെ നിവേദനത്തിന്റെയടിസ്ഥാനത്തിൽ അന്നത്തെ ജഡ്ജി ജസ്റ്റിസ് ബി. കെമാൽപാഷ നൽകിയ കത്തിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഇക്കാര്യം നിർദ്ദേശിച്ചത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി തീർപ്പാക്കി.
ഇടമലക്കുടിയിലെ ആദിവാസി കോളനികളിൽ 18 കിലോമീറ്റർ വരെ തലച്ചുമടായി റേഷൻ സാധനങ്ങൾ ചുമന്ന് എത്തിക്കുന്നുണ്ടെന്ന് സർക്കാർ വിശദീകരിച്ചു. ഭൂമിയുടെ പ്രത്യേകത നിമിത്തം റോഡുണ്ടാക്കുന്നത് ഏറെ ശ്രമകരമാണെങ്കിലും അവശ്യ സാധനങ്ങൾ എത്തിക്കാനുള്ള റോഡ് നിർമ്മിക്കാൻ ശ്രമിക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. തുടർന്നാണ് മുടങ്ങാതെ റേഷൻ എത്തിക്കാൻ നടപടി വേണമെന്നും റോഡിനുള്ള സാദ്ധ്യത പരിശോധിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചത്. ഇടമലക്കുടിയിലെ ആദിവാസി കോളനികളിലേക്ക് വിതരണം ചെയ്യാൻ ശേഖരിച്ച 60,000 കിലോ അരിയും മറ്റു സാധനങ്ങളും വിതരണം ചെയ്യാൻ അനുമതി നിഷേധിച്ചെന്നായിരുന്നു എൻ.സി.ടി എന്ന സംഘടന 2016 ൽ നൽകിയ നിവേദനത്തിലെ പരാതി.
18 കിലോമീറ്റർ തലച്ചുമടായി സാധനങ്ങൾ എത്തിക്കും
മഴക്കാലത്ത് റേഷൻ സാധനങ്ങൾ ലഭിക്കുന്നില്ലെന്ന ആദിവാസികളുടെ പരാതിയെത്തുടർന്ന് ഇടുക്കി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സ്ഥലം സന്ദർശിച്ചിരുന്നു. സംഘടന ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തെന്നും അതോറിറ്റി നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അതേസമയം റേഷൻ വിതരണത്തിൽ ക്രമക്കേടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
പെട്ടിമുടി വരെ മാത്രമേ വാഹനങ്ങൾ എത്തൂ. തുടർന്ന് 18 കിലോമീറ്റർ തലച്ചുമടായാണ് സാധനങ്ങൾ എത്തിക്കുന്നത്. മൂന്നാറിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള റേഷൻ കടയിൽ നിന്നാണ് സാധനങ്ങൾ എത്തിക്കുന്നത്. ഇൗ റേഷൻ കടയിൽ നിന്നാണ് ഇടമലക്കുടിയിലെ 485 കുടുംബങ്ങൾക്ക് റേഷൻ നൽകുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.