കുഞ്ചിത്തണ്ണി: മലനാട്ടിലെ കുട്ടനാട് എന്നറിയപ്പെടുന്ന മുട്ടുകാട്ടിലെ നെൽപാടത്ത് കൊയ്ത്ത്‌പാട്ടിന്റെ ഈണം മുഴങ്ങി. സമുദ്രനിരപ്പിൽ നിന്ന് 3500ലധികം അടി ഉയരത്തിലാണ് ബൈസൺവാലി, ചിന്നക്കനാൽ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന മുട്ടുകാട് പാടശേഖരം. ചൊക്രമുടി മലനിരകളുടെ അടിവാരത്തായിട്ടാണ് 36 ഹെക്ടറുകളിലായി 2.5 കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചു കിടക്കുന്ന പാടശേഖരം. ഇടുക്കിയിൽ തന്നെ അപൂർവമായി മാത്രമാണ് ഇപ്പോൾ നെൽകൃഷിയുള്ളത്. കുടിയേറ്റ കർഷകരായ തങ്ങളുടെ പൂർവികർ തുടങ്ങി വച്ച നെൽകൃഷി ഒരു നിയോഗമെന്ന പോലെയാണ് മൂന്നാം തലമുറയിലുള്ള ഇപ്പോഴത്തെ കർഷകർ തുടർന്നു പോരുന്നത്. വെള്ളക്ഷാമം മൂലം മുമ്പ് വർഷത്തിൽ രണ്ട് തവണ കൃഷി നടത്തിവന്നിരുന്ന ഇവിടത്തെ നിലങ്ങളിൽ ഏതാനും വർഷങ്ങളായി ഒരു തവണ മാത്രമാണ് കൃഷിയിറക്കാൻ സാധിക്കുന്നത്. തൊഴിലാളി ക്ഷാമം മറ്റൊരു പ്രതിസന്ധിയാണ്. ട്രാക്ടർ, ട്രില്ലർ, കൊയ്ത്ത്, മെതി യന്ത്രങ്ങൾ യഥാസമയം കൃഷി ആവശ്യങ്ങൾക്കായി ലഭിക്കാതെ വരുന്നതും മറ്റൊരു പ്രശ്‌നമാണ്. സർക്കാരിന്റെയോ ത്രില പഞ്ചായത്തുകളുടെയോ സഹായം ലഭിച്ചില്ലെങ്കിൽ കൃഷി തന്നെ ഇല്ലാതാകുന്ന സ്ഥിതിയാണുള്ളതെന്ന് ഇവിടത്തെ കർഷകർ ഒന്നടങ്കം പറയുന്നു.