രാജാക്കാട് : സ്‌കൂളിന്റെ ഹരിത മികവിന് സർക്കാരിന്റെ നൂറുമേനി അംഗീകാരം. രാജാക്കാട് ഗവ. യു.പി സ്‌കൂൾ ഹരിതകേരളത്തിന്റെ ഹരിത വിദ്യാലയമാവുകയാണ്.ഗ്രാമപ്പഞ്ചായത്തിൽ ഹരിത ഓഡിറ്റ് നടത്തിയ 44 സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ നൂറുശതമാനം സ്‌കോർ നേടിയ ഏക സ്ഥാപനമാണ് ഈ സ്‌കൂൾ.

രണ്ടരയേക്കറോളം സ്ഥലം സ്വന്തമായുള്ള സ്‌കൂളിൽ ഹരിതമല്ലാതെ മറ്റൊന്നുമില്ല. വൃത്തിയുള്ള ക്ലാസ് മുറികൾ, നാല് ശുചിമുറികളുൾപ്പെട്ട സാനിറ്ററി കോംപ്ലക്‌സ്, ഉറവിടത്തിൽത്തന്നെ ഭക്ഷണാവശിഷ്ടങ്ങളും മറ്റും സംസ്‌കരിക്കുന്നതിന് പഞ്ചായത്ത് നൽകിയ റിംഗ് കമ്പോസ്റ്റ്, അതിൽ നിന്നും ജൈവവളം നിർമ്മാണം.പൂന്തോട്ടത്തിൽ പൂവിട്ട് നിൽക്കുന്ന റോസയും സൂര്യകാന്തിയും കനകാംബരവും ചെത്തിയും ബന്തിയും കടലാസ്സുറോസയും ജമന്തിയും. സ്‌കൂൾ പച്ചക്കറിത്തോട്ടത്തിൽ തക്കാളി, പയർ, വഴുതന, കാബേജ്,ചീര തുടങ്ങിയവ. ഇതിനെല്ലാം പുറമേ ഔഷധക്കൃഷിത്തോട്ടവും മൽസ്യക്കൃഷിയും.അനധ്യാപകരുൾപ്പടെ 10 ജീവനക്കാരാണുള്ളത്. മുമ്പ് ക്ലാസ് ദിനങ്ങളിൽ എല്ലാവരും ഉച്ചഭക്ഷണം സ്‌കൂളിൽ നിന്നു തന്നെയാണ് കഴിച്ചിരുന്നത്

കൊവിഡ് കാരണം കുട്ടികൾ ക്ലാസിലില്ലാത്ത തിന്റെ തിളക്കം കുറവുണ്ടെങ്കിലും സ്‌കൂളിന്റെ ഹരിതാഭ കാത്തുസൂക്ഷിക്കാൻ പ്രധാനാദ്ധ്യാപകൻ ജോയി ആൻഡ്രൂസും ഗ്രീൻപ്രോട്ടോക്കോൾ നോഡൽ ഓഫീസർ ജോഷി തോമസും സദാ ജാഗ്രത പാലിയ്ക്കുന്നു.

ഗ്രാമപ്പഞ്ചായത്ത് നടത്തിയ ഹരിത ഓഡിറ്റിൽ 36സ്ഥാപനങ്ങൾക്ക് എ ഗ്രേഡും എട്ട് സ്ഥാപനങ്ങൾക്ക് ബി ഗ്രേഡുമാണ് ലഭിച്ചതെന്ന് പ്രസിഡന്റ് എം.എസ് .സതി, സെക്രട്ടറി ആർ .സി .സുജിത് കുമാർ എന്നിവർ അറിയിച്ചു.