തൊടുപുഴ: ജില്ലയിൽ പി.എം.ജി.എസ്.വൈ പദ്ധതിയിൽ 12 റോഡുകൾക്ക് അംഗീകാരം ലഭിച്ചു. 76.91കിലോമീറ്റർ നീളത്തിൽ 64.93 കോടി രൂപ ചെലവ് വരുന്ന 12 റോഡുകൾക്കാണ് സംസ്ഥാനതല സാങ്കേതിക സമിതിയുടെ അനുമതി ലഭിച്ചതെന്ന് ഡീൻ കുര്യാക്കോസ് എം.പി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ റോഡുകളുടെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. ജില്ലയിൽ പി.എം.ജി.എസ്.വൈ ഫേസ് മൂന്നിൽ ആകെ 133 കിലോമീറ്റർ ദൂരമാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്. 85.4 കിലോമീറ്രർ ദൂരത്തിലുള്ള 13 റോഡുകളുടെ ഡീറ്റേയ്ൽഡ് പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കി വരികയാണെന്നും എം.പി പറഞ്ഞു. ഇത് ഈ മാസം തന്നെ സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വനത്തിന് അരികിലൂടെ കടന്നു പോകുന്ന റോഡുകൾക്ക് അനുമതി ലഭിക്കുന്നതിന് സംസ്ഥാന വനംവകുപ്പുമായി ഇടപെടലുകൾ നടത്തുകയാണ്.
ഗ്രേഡിയന്റ് അനുപാതത്തിൽ കുറവ് വരുത്തിയാൽ ജില്ലയിലാകെ 300 കിലോമീറ്റർ റോഡ് പി.എം.ജി.എസ്.വൈ ഫേസ് മൂന്നിൽ പണി പൂർത്തീകരിക്കുന്നതിന് സന്നദ്ധമാണെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ തികച്ചും അനുഭാവപൂർവമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചുവരുന്നത്. പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച പി.എം.ജി.എസ്.വൈ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 2020 ൽ അനുവദിച്ച 33 കോടി രൂപയുടെ പ്രവർത്തികൾ നടക്കുന്നുണ്ടെന്നും എം.പി പറഞ്ഞു. പി.എം.ജി.എസ്.വൈ പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി എം.പിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക അവലോകനയോഗം നടത്തി. ഇടുക്കി പി.ഐ.യു എക്‌സിക്യൂട്ടീവ് എൻജിനീയർ പെന്റാലിയോണിന്റെ നേതൃത്വത്തിൽ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ പങ്കെടുത്തു.
ആകെ 76.91കിലോമീറ്റർ റോഡ്
ചെലവ് 64.93 കോടി
അംഗീകാരം ലഭിച്ച റോഡുകൾ
1. ലാൻഡ്രം- പുതുവൽ- ഓൾഡ് പാമ്പനാർ റോഡ്- 6.03 കി.മീ
2. ആനകുത്തി വളവ്- രാജമുടി- പരുന്തുംപാറ റോഡ്- 5.1
3. മ്ലാമല- മൂങ്കലാർ- സെക്കൻഡ് ഡിവിഷൻ- വെള്ളാരംകുന്ന് റോഡ്- 8.1
4. മ്ലാമല- ഇണ്ടൻചോല- കൊടുവാക്കരണം സെക്കൻഡ് ഡിവിഷൻ റോഡ് 7.6
5. പൊലീസ് സ്റ്റേഷൻ- പരുന്തുംപാറ റോഡ്- 8.04
6. ഗുഹാനന്തപുരം- വേട്ടക്കാരൻ കോവിൽ റോഡ്- 4.28
7. തെങ്ങുംപിള്ളി- വാഴേക്കവല ശാന്തിഗിരി- പനക്കച്ചാൽ- കുണിഞ്ഞി റോഡ്- 7.7
8. ഇടമറ്റം- ട്രാൻസ്‌ഫോമർപടി- പാച്ചോലിപ്പടി- രാജകുമാരി റോഡ്- 5.4
9. മുണ്ടിയെരുമ- കോമ്പയാർ- പാമ്പാടുംപാറ- ആദിയാർപുരം- കാഞ്ഞിരത്തുംമൂട്- കുരിശുമല റോഡ്- 7.5
10. കഞ്ഞിക്കുഴി- കൊച്ചുചേലച്ചുവട് റോഡ്- 3.652
11. ആനവിരട്ടി- 200 ഏക്കർ റോഡ്- 6.2
12. വെൺമണി- പുളിയ്ക്കത്തൊട്ടി- എടത്തന- ഏണിത്താഴം- ആനക്കുഴി റോഡ്- 6.9