യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു
വണ്ണപ്പുറം: ആലപ്പുഴ- മധുര സംസ്ഥാന പാതയിൽ വണ്ണപ്പുറത്തിനു സമീപം കള്ളിപ്പാറ ഭാഗത്ത് ഓട്ടത്തിനിടയിൽ തീപിടിച്ച കാർ പൂർണമായി കത്തി നശിച്ചു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. മൂവാറ്റുപുഴയിൽ നിന്ന് തേക്കടിക്ക് പോയ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അഗ്നിക്കിരയായത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. പിന്നാലെ വന്ന ഇരുചക്ര വാഹനയാത്രക്കാർ കാറിന്റെ ടയറിനടിയിൽ നിന്ന് പുകയുയരുന്നത് കണ്ട് വിവരമറിയിക്കുകയായിരുന്നു. തുർന്ന് കാർ നിറുത്തി യാത്രക്കാർ വേഗം പുറത്തിറങ്ങിയതിനാൽ ആളപായം ഒഴിവായി. മൂവാറ്റുപുഴ ഐരാപുരം സ്വദേശികളായ പോക്കാട്ട് ബാബു, ഭാര്യ ഗ്രേസി, മകൻ എൽബിൻ, മരുമകൾ ഗ്രീഷ്മ, ഇവരുടെ കുട്ടി എമിൽ എന്നിവരാണ് കാറിലുണ്ടായിരുന്നത്. വാഹനത്തിൽ ഉണ്ടായിരുന്ന സാധനങ്ങൾ ഉൾപ്പെടെ കാർ പൂർണമായും കത്തിനശിച്ചു. തൊടുപുഴ അഗ്നിശമന സേനയെ കാളിയാർ പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് രണ്ടു യൂണിറ്റ് ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചു. എന്നാൽ വണ്ണപ്പുറം- ചേലച്ചുവട് റോഡിലെ കുത്തനെയുള്ള കയറ്റം കയറാൻ ബുദ്ധിമുട്ടിയ അഗ്നിശമന സേനാ വാഹനം നാട്ടുകാരുടെ സഹായത്താലാണ് കയറ്റം കയറിയത്. തുടർന്ന് വാഹനം സ്ഥലത്തെത്തിയപ്പോഴേയ്ക്കും കാറിന്റെ മുക്കാൽ ഭാഗവും കത്തി നശിച്ചിരുന്നു. തുടർന്ന് തീയണച്ച ഫയർഫോഴ്‌സ് സംഘം റോഡിൽ വീണ ഡീസൽ കഴുകി വൃത്തിയാക്കി. ഒരുമണിക്കൂറോളം റൂട്ടിൽ ഗതാഗതവും തടസപ്പെട്ടു. ഹൈവേ പൊലീസ് സംഘവും വണ്ണപ്പുറം പൊലീസും സ്ഥലത്തെത്തിയിരുന്നു. രക്ഷാ പ്രവർത്തനങ്ങൾക്ക് സീനിയർ ഫയർ ഓഫീസർ ബിൽസ് ജോർജ്, രഞ്ജിത് കൃഷ്ണൻ, മുബാറക് എന്നിവരും കാളിയാർ എസ്.ഐ കണ്ണദാസ്, എ.എസ്.ഐ പ്രമോദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷാൻ, ബിലാൽ, ഹൈവേ പൊലീസിലെ ഷിബി ജോസഫ്, ഇർഫാൻ, ഫാസിൽ എന്നിവരും നാട്ടുകാരും നേതൃത്വം നൽകി.