ഇതുവരെ യാഥാർത്ഥ്യമാകാതെ ഫയർസ്റ്റേഷൻ
വണ്ണപ്പുറം: സ്വന്തമായി ഫയർസ്റ്റേഷൻ ഇല്ലാത്തതിന്റെ കഷ്ടപ്പാട് വണ്ണപ്പുറംകാർ ഇന്നലെ ശരിക്കുമറിഞ്ഞു. കള്ളപ്പാറയിൽ ഓട്ടത്തിനിടെ കാർ തീപിടിച്ചിട്ട് മുക്കാൽഭാഗവും കത്തി തീർന്നപ്പോഴാണ് തൊടുപുഴയിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയത്. വണ്ണപ്പുറം- ചേലച്ചുവട് റോഡിലെ കയറ്റം കയറാനാകാതെ ഫയർഫോഴ്സ് വാഹനം നാട്ടുകാർ തള്ളേണ്ടി വന്നു. സംഭവസ്ഥലത്തെത്തിയപ്പോഴേക്കും ഭൂരിഭാഗവും കത്തിനശിച്ചിരുന്നു. വണ്ണപ്പുറത്തിന് ഒരു ഫയർസ്റ്റേഷൻ ഉണ്ടായിരുന്നെങ്കിൽ ഇത്ര ഗതികേട് വരില്ലായിരുന്നു. സംസ്ഥാനത്ത് അനുവദിച്ച 31 ഫയർസ്റ്റേഷനുകളിൽ വണ്ണപ്പുറത്തെ ഫയർസ്റ്റേഷനുമുണ്ടായിരുന്നു. എന്നാൽ പഞ്ചായത്ത് സ്ഥലമേറ്റെടുത്ത് നൽകാത്തതിനാലാണ് ഇതുവരെ യാഥാർത്ഥ്യമാകാത്തത്. വണ്ണപ്പുറത്തും സമീപ പഞ്ചായത്തുകളിലും അപകടമുണ്ടായാൽ തൊടുപുഴയിൽ നിന്നോ കലൂർക്കാടു നിന്നോ കിലോമീറ്ററുകൾ താണ്ടി അഗ്നിശമന സേന ഓടിയെത്തേണ്ട ദുരവസ്ഥയാണുള്ളത്. മലയോര മേഖലകളിലൂടെയുള്ള റോഡിൽ കൊടുംവളവുകളും കുത്തിറക്കവും കയറ്റവും വീതിക്കുറവുമുള്ളതിനാൽ നിരന്തരം വാഹനാപകടങ്ങളുണ്ടാകുന്നുണ്ട്. ആലപ്പുഴ- മധുര ഹൈവേയുടെ ഭാഗമായ വണ്ണപ്പുറം- ചേലച്ചുവട് റോഡിൽ അപകടങ്ങൾ പതിവാണ്. കെ.എസ്.ആർ.ടി.സി ബസുകളും മറ്റു ചെറുവാഹനങ്ങളും അപകടത്തിൽപ്പെട്ട് ഒട്ടേറെപ്പേർക്ക് പരിക്കേറ്റിരുന്നു. അപകടമുണ്ടായാൽ തൊടുപുഴയിൽ നിന്നു വാഹനം 22 കിലോമീറ്റർ സഞ്ചരിച്ചെത്താൻ മുക്കാൽ മണിക്കൂറോളമെടുക്കും. മുണ്ടൻമുടിയിലോ മുള്ളരിങ്ങാട്ടോ അപകടമുണ്ടായാൽ മണിക്കൂറുകൾക്കു ശേഷമാകും സ്ഥലത്തെത്താനാകുക. ഇതു മൂലം അപകടത്തിൽ പെടുന്നവരെ രക്ഷിക്കാൻ സാധിക്കാതെ വന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കാളിയാർ പുഴയിലും അപകടങ്ങൾ സംഭവിക്കാറുണ്ട്. കൂടാതെ തൊമ്മൻകുത്ത്, മീനുളിയാൻപാറ, നാക്കയംകുത്ത്, ആനയാടിക്കുത്ത്, കാറ്റാടിക്കടവ്, കോട്ടപ്പാറ, തുടങ്ങി നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇവിടെയുണ്ട്. ഇവിടെ അപകടങ്ങൾ സംഭവിച്ചാലും സമീപ പ്രദേശത്ത് ഫയർഫോഴ്‌സ് യൂണിറ്റില്ലാത്തതുമൂലം രക്ഷാപ്രവർത്തനം വൈകാനിടയാക്കിയിരുന്നു. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ തൊടുപുഴയിലെ ഫയർഫോഴ്‌സ് അധികൃതർ നേരത്തെ ഫയർഫോഴ്‌സ് മേധാവിക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വണ്ണപ്പുറത്ത് ഫയർഫോഴ്‌സ് യൂണിറ്റ് അനുവദിച്ചത്. എന്നാൽ നൂലാമാലകളിൽപെട്ട് ഫയർഫോഴ്‌സ് യൂണിറ്റ് ഇനിയും ആരംഭിക്കാനായിട്ടില്ല.