മൂന്ന്പേർ യു. ഡി. എഫ്, രണ്ട്പേർ ബി. ജെ. പി
തൊടുപുഴ: നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനങ്ങളിലേക്ക് യു.ഡി.എഫിൽ നിന്ന് മൂന്നും ബി.ജെ.പിയിൽ നിന്ന് രണ്ടും കൗൺസിലർമാർ തിരഞ്ഞെടുക്കപ്പെട്ടു. വികസനം, ക്ഷേമകാര്യം, ആരോഗ്യം എന്നീ സ്റ്റാൻഡിംഗ് കമ്മിറ്റികളിലാണ് യു.ഡി.എഫിന് അദ്ധ്യക്ഷ സ്ഥാനം ലഭിച്ചത്. പൊതുമരാമത്ത്, വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ ബി.ജെ.പി അംഗങ്ങൾക്ക് അദ്ധ്യക്ഷസ്ഥാനം കിട്ടി. യു.ഡി.എഫ്- ബി.ജെ.പി കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. അട്ടിമറിയിലൂടെ നഗരസഭാ ഭരണം പിടിച്ചെടുത്ത എൽ.ഡി.എഫിന് ചട്ടപ്രകാരം വൈസ് ചെയർപേഴ്‌സൺ അദ്ധ്യക്ഷയാകേണ്ട ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മാത്രമാണ് ലഭിച്ചത്. ആർ.ഡി.ഒ പി.ജെ. സെബാസ്റ്റ്യനായിരുന്നു വാരണാധികാരി. 11ന് നടന്ന സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും യു.ഡി.എഫും പരസ്പരം വോട്ട് ചെയ്തതിനെ തുടർന്നാണ് ആറ് സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ മൂന്നെണ്ണത്തിൽ യു.ഡി.എഫും രണ്ടെണ്ണത്തിൽ ബി.ജെ.പിയും ഭൂരിപക്ഷം നേടിയത്. അട്ടിമറിയിലൂടെ നഗരസഭാ ഭരണം പിടിച്ചെടുത്ത എൽ.ഡി.എഫിന് ചട്ടപ്രകാരം വൈസ് ചെയർപേഴ്‌സൺ അദ്ധ്യക്ഷയാകേണ്ട ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മാത്രമാണ് ലഭിച്ചത്. 35 അംഗ നഗരസഭാ കൗൺസിലിൽ ആർക്കും കേവല ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. തുടർന്ന് കോൺഗ്രസ് വിമതൻ സനീഷ് ജോർജിന്റെയും ലീഗിൽ നിന്ന് കൂറുമാറിയെത്തിയ ജെസി ജോണിയുടെയും പിന്തുണയോടെ എൽ.ഡി.എഫ് അധികാരം പിടിച്ചെടുത്തിരുന്നു. ഇരുവരെയും യാഥാക്രമം ചെയർമാനും വൈസ് ചെയർമാനുമാക്കി. ഇപ്പോൾ എൽ.ഡി.എഫ്- 14, യു.ഡി.എഫ്-12, ബി.ജെ.പിഎട്ട് എന്നിങ്ങനെയാണ് കക്ഷിനില.
സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ- കെ. ദീപക് (യു.ഡി.എഫ്)
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ- ഷീജാ ഷാഹുൽ ഹമീദ് (യു.ഡി.എഫ്)
ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ- അബ്ദുൽ കരിം (യു.ഡി.എഫ്)
പൊതുമരാമത്ത്കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ- ബിന്ദു പത്മകുമാർ (ബി.ജെ.പി)
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ- ടി.എസ്. രാജൻ (ബി.ജെ.പി)