മറയൂർ: ഈ വർഷം ആദ്യമായി നടന്ന മറയൂർ ചന്ദന ലേലത്തിൽ റെക്കോഡ് വിൽപന. കൊവിഡ് തീർത്ത പ്രതിസന്ധികൾക്കിടയിൽ നടക്കുന്ന രണ്ടാമത്തെ ലേലമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടന്നത്. ആദ്യ ദിനം നടന്ന ലേലത്തിൽ 31.13 കോടി രൂപയുടെ വിൽപന നടന്നിരുന്നു. 35 ക്ലാസുകളിലായി 101.58 ടൺ ചന്ദനമാണ് വനം വകുപ്പ് ലേലത്തിനായി എത്തിച്ചത്. വിലായത്ത് ബുദ്ധ ഇനത്തിൽപ്പെട്ട ഒന്നാം ക്ലാസ് ചന്ദനത്തിന് കിലോയ്ക്ക് 19030 രൂപ ഉയർന്ന വിലയായി ലഭിച്ചു. ഏറ്റവും കുറഞ്ഞ വില ലഭിച്ചത് ക്ലാസ് പതിനഞ്ച് ഇനത്തിൽപ്പെട്ട സാപ്‌വുഡ് ചിപ്പ്‌സിനാണ്. പതിവ് പോലെ കർണാടക സോപ്‌സ് ആന്റ് ഡിറ്റർജെന്റ് ലേലത്തിൽ 90 ശതമാനവും വാങ്ങി. കോട്ടക്കൽ ആര്യവൈദ്യശാല, നെടുപറമ്പിൽ ക്ഷേത്ര ദേവസ്വം, ഔഷധി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ലേലത്തിൽപങ്കെടുത്തു. ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ. ബി. രഞ്ചിത്ത്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.ജി വിനോദ്കുമാർ എന്നിവർ പങ്കെടുത്തു.