തൊടുപുഴ: അസംബ്ലി തെരെഞ്ഞെടുപ്പിനു മുന്നോടിയായി 100 ദിവസ ടൈം ടേബിളുമായി ജില്ലാ കോൺഗ്രസ് കമ്മറ്റി. ജില്ലയിലെ മുതിർന്ന നേതാക്കളുടെ യോഗം തൊടുപുഴ രീജീവ് ഭവനിൽ എ ഐ സി സി സെക്രട്ടറി ഐവാൻ ഡിസൂസയുടെ സാനിദ്ധ്യത്തിൽ ചേർന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയമുണ്ടാകാതിരുന്ന സാഹചര്യത്തിൽ കരുതലോടെ മുമ്പോട്ടു പോകാനും നിയമസഭാ തെരഞ്ഞെടുപ്പിൽ സമ്പൂർണ്ണ വിജയം ഉണ്ടാകുവാനും ലക്ഷ്യമിട്ടാണ് ജില്ലയിലെ പ്രമുഖ നേതാക്കൾ ഒത്തു ചേർന്നത്. താഴെത്തട്ടിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കൂട്ടായി ചർച്ച നടത്തി പരിഹരിക്കാനും തീരുമാനിച്ചു. റിപ്പബ്ലിക്ക് ദിനത്തിൽ ജില്ലയിലെ എല്ലാ ബൂത്തുകളിലും വൈകുന്നേരം 4 മണിക്ക് ബൂത്ത് കോൺഗ്രസ്സ് ഭാരവാഹികളെ തെരഞ്ഞെടുക്കും.
എല്ലാ പ്രധാന നേതാക്കളും അവരവരുടെ ബൂത്തിലെ യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ജനുവരി 30ന് പഞ്ചായത്ത് കേന്ദ്രങ്ങളിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പദയാത്ര നടത്താനും യോഗം തീരുമാനിച്ചു.
ഫെബ്രുവരി രണ്ടാം വാരം ഇടുക്കി ജില്ലയിൽ എത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐശ്വര്യ കേരള യാത്രയുടെ മുന്നൊരുക്കങ്ങളും യോഗം ചർച്ച ചെയ്തു.
ഡി സി സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിച്ച യോഗം എ ഐ സി സി സെക്രട്ടറി ഐവാൻ ഡിസൂസ ഉദ്ഘാടനം ചെയ്തു. ഡീൻ കുര്യാക്കോസ് എം പി, റോയി കെ പൗലോസ്, അഡ്വ. ടോമി കല്ലാനി, അഡ്വ. എസ് അശോകൻ, അഡ്വ. ഇ എം .ആഗസ്തി, അഡ്വ. ജോയി തോമസ്, തോമസ് രാജൻ, നാട്ടകം സുരേഷ്, എ കെ മണി, സി പി മാത്യു, ആർ .ബാലൻപിള്ള, ശ്രീമന്ദിരം ശശികുമാർ, എ .പി .ഉസ്മാൻ, ടി. ജി .ഗോപാലകൃഷ്ണ കൈമൾ, സി .പി .കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.