rto
തൊടുപുഴ ജോയിന്റ് ആർ.ടിഒയുടെ ക്യാബിൻ

 ഹരിത ആഡിറ്റിംഗിൽ ഫുൾഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ്

തൊടുപുഴ: സേവനങ്ങളെല്ലാം ഓൺലൈനിലാക്കി വകുപ്പ് ആധുനികവത്കരണത്തിലേയ്ക്ക് പോകുമ്പോൾ 'തനി നാടനായി' മാറിയിരിക്കുകയാണ് തൊടുപുഴ ജോയിന്റ് ആർ.ടി ആഫീസ്. ഈ ആഫീസ് ഹരിതാഭയും പച്ചപ്പുമൊക്കെ ഇഷ്ടപ്പെട്ടു തുടങ്ങിയത് ജോയിന്റ് ആർ.ടി.ഒ പി.എ. നസീറിന്റെ വരവോടെയാണ്. ആഫീസിലെ 20 ജീവനക്കാരും മേധാവിയ്‌ക്കൊപ്പം നിന്നപ്പോൾ ഗ്രീൻ പ്രോട്ടോക്കോൾ ഇവരുടെ ഔദ്യോഗിക ജീവിതചര്യയായി. വീടുകൾക്കുള്ളിൽ വളർത്തുന്ന വിവിധയിനം ചെടികൾ ഓരോരുത്തരും കൊണ്ടുവന്ന് ആഫീസിൽ വളർത്താൻ തുടങ്ങി. എല്ലാവരും ഭക്ഷണം കൊണ്ടുവരുന്നത് സ്റ്റീൽ പാത്രങ്ങളിലാണ്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിയ്ക്കാൻ ഡൈനിംഗ് ടേബിൾ, അവിടെയും ചില്ല് ഗ്ലാസിൽ വെള്ളം, സ്റ്റീൽ പാത്രങ്ങളും ആവശ്യത്തിലേറെ. ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കാൻ ജൈവമാലിന്യ സംഭരണ ഭരണികളുണ്ട്. ചകിരിച്ചോറും ഇനോക്കുലവും ചേർത്ത് അവയെ നല്ല ജൈവവളമാക്കുന്നു. അവ പൂച്ചെടികൾക്ക് ഭക്ഷണമാകുന്നു. പാഴ് വസ്തുക്കളെ ജൈവം, അജൈവം, മറ്റിനങ്ങൾ എന്നിങ്ങനെ പ്രത്യേകം ശേഖരിക്കുന്നു. അവ ഹരിതകർമ്മ സേനയ്ക്ക് കൈമാറുന്നു. ദിവസവും മൂന്നു നേരമാണ് ആഫീസും ശുചിമുറികളും വൃത്തിയാക്കുന്നത്. ഇതിനു ചുമതലപ്പെട്ടവർ സന്തോഷത്തോടെ ആ ജോലി നിർവഹിക്കുന്നു. ഹരിതവത്കരണ ജോലികളെല്ലാം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ആഫീസർ ജൂനിയർ സൂപ്രണ്ട് എം.എൻ. മായയുമുണ്ട്.

''ആഫീസിൽ ജോലിചെയ്യുന്നവരുടെ മനസിൽ പോസിറ്റീവ് എനർജിയുണ്ടെങ്കിൽ മാത്രമേ മികച്ച സേവനം ജനങ്ങൾ ലഭിക്കൂവെന്നാണ് അനുഭവം. പച്ചപ്പിന് നൽകാൻ കഴിയുന്ന ഊർജ്ജം മറ്റൊന്നിനും നൽകാനാകില്ല. തന്റെ ഈ കാഴ്ചപ്പാടിനെ സഹപ്രവർത്തകരെല്ലാം പിന്തുണച്ചതോടെയാണ് ഹരിത ആഫീസിലേയ്ക്കുള്ള വഴി തുറന്നത്. മാലിന്യ സംസ്‌കരണ സംവിധാനങ്ങളെ സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങൾ ഹരിത കേരളം മിഷനിൽ നിന്ന് ലഭിച്ചതോടെ എല്ലാം എളുപ്പമായി."

-ജോയിന്റ് ആർ.ടി.ഒ പി.എ. നസീർ