തിരുവനന്തപുരം : ഇടുക്കിയിൽ ഏലകൃഷി ഉപേക്ഷിച്ച് മറ്റു കൃഷിയിലേക്ക് മാറിയ കർഷകരുടെ ഭൂമിക്ക് പട്ടയം അനുവദിയ്ക്കണമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.ധനവിനിയോഗ ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്.
ജില്ലയിലെ സി.എച്ച്.ആർ മേഖലയിൽ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ 1977 നു മുൻപ് ഏലം കൃഷി ഉപേക്ഷിച്ചിട്ടും ലാന്റ് രജിസ്റ്ററിൽ ഏലം എന്ന് രേഖപ്പെടുത്തിയത് തിരുത്താത്തതാണ് പട്ടയം ലഭിക്കാൻ തടസ്സമായിട്ടുള്ളത്. കുരുമുളക് കർഷകർ വലിയ പ്രതിസന്ധിയിലാണ് കുരുമുളകിന് 500 രൂപ തറവില നിശ്ചയിക്കണം. കർഷകർക്ക് ഉല്പാദന ചെലവുപോലും ലഭിക്കുന്നില്ല. കിലോയ്ക്ക് 700 രൂപ വില ലഭിച്ചുകൊണ്ടിരുന്ന കുരുമുളകിന് ഇപ്പോൾ 320 രൂപയാണ്. വിയറ്റ്‌നാമിൽ നിന്നും ശ്രീലങ്കയിൽ നിന്നുമുള്ള ഇറക്കുമതിയാണ് ഇതിന് കാരണം. സംസ്ഥാനത്ത് കർഷകരെക്കുറിച്ചുള്ള ഒരുവിവരശേഖരണം നടത്താൻ സർക്കാർ തയ്യാറാകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
അനാഥാലയങ്ങൾക്ക് റേഷൻ പെർമിറ്റ് ലഭ്യമായിട്ടുണ്ടെങ്കിലും അനുവദിക്കപ്പെട്ടിട്ടുള്ള അളവിൽ റേഷൻ ലഭിക്കുന്നില്ല. കന്യാസ്ത്രീ മഠങ്ങളെ റേഷൻ സംവിധാനത്തിൽ ഉൾപ്പെടുത്തണം. അഞ്ചുപേരടങ്ങുന്ന കന്യാസ്ത്രീകൾക്ക് ഒരു റേഷൻ കാർഡ് എന്ന നിലയിൽ കന്യാസ്ത്രീ മഠങ്ങൾക്കും റേഷൻ ആനുകൂല്യങ്ങൾ നൽകുന്നതിന് നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.