തൊടുപുഴ: ആരോഗ്യ ഉദ്യാനമായി സംരക്ഷിക്കുന്ന ഇടവെട്ടി വനത്തിനോട് ചേർന്ന എം.വി.ഐ.പി കനാൽ റോഡരികിൽ മാലിന്യം തള്ളി. വെള്ളിയാഴ്ച രാവിലെ നടക്കാനിറങ്ങിയവരാണ് നട്ടുപിടിപ്പിച്ച മരച്ചെടികൾക്കിടയിൽ വൻതോതിൽ മാലിന്യ നിക്ഷേപം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ മുൻ പഞ്ചായത്തംഗം ടി.എം. മുജീബിന്റെ നേതൃത്വത്തിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ മാലിന്യം നിക്ഷേപിച്ചയാളുടെ ആശുപത്രി രേഖ ലഭിക്കുകയും ഈ വിവരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും പഞ്ചായത്ത് അധികൃതരെയും അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പിഴയടപ്പിക്കാനോ കേസ് എടുക്കാനോ തയ്യാറാകാതെ മാലിന്യം നിക്ഷേപിച്ച വ്യക്തിക്ക് അനൂകൂലമായി ഉദ്യോഗസ്ഥർ നിലപാട് സ്വീകരിച്ചെന്ന് ആക്ഷേപമുണ്ട്. നാലര വർഷം മുമ്പ് ആയിരത്തോളം സന്നദ്ധ പ്രവർത്തകർ ഏഴ് ദിവസം എടുത്താണ് തൊടുപുഴയിലെ ഏറ്റവും വലിയ മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന ഇവിടം ശുചീകരിച്ചത്. അന്നു മുതൽ നാട്ടുകാർ നിരീക്ഷണ സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചാൽ മാത്രമേ വീണ്ടും ഇത് ആവർത്തിക്കാതിരിക്കൂ എന്ന് പ്രദേശവാസികളും പറഞ്ഞു.