ചെറുതോണി:പെരിയാറിലെ നീരൊഴുക്കിൽ രാസവസ്തു കലക്കി മീൻ പിടിച്ച സംഭവം അന്വേഷിക്കുമെന്ന് ജില്ലാ ഫിഷറീസ് ഓഫീസർ പറഞ്ഞു. ബുധനാഴ്ച രാത്രിയിലാണ് തടിയമ്പാടിന് സമീപം പള്ളിക്കവലയിൽ പെരിയാറ്റിലെ നീരൊഴുക്കുള്ള കയങ്ങളിൽ രാസവസ്തു കലക്കി മീൻ പിടിച്ചത്. വ്യാഴാഴ്ച പുലർച്ചെ വെള്ളത്തിൽ വെളുത്ത നിറത്തിലുള്ള പത കണ്ട് നാട്ടുകാർ ആശങ്കപ്പെട്ടതോടെ പെരിയാറ്റിലെ വെളളം ഉപയോഗിക്കാൻ തയ്യാറായില്ല. ഇത്സംബന്ധിച്ച് വാർത്തകൾ വന്നിട്ടും ബന്ധപ്പെട്ടവർ സ്ഥലത്തെത്തി പരിശോധന നടത്തിയില്ല.സംഭവം അറിഞ്ഞില്ലായെന്നും നാട്ടുകാരോട് പൊലീസിൽ പരാതിപ്പെടാനും സംഭവത്തെപ്പറ്റി അന്വേഷണം നടത്താമെന്നും ഫിഷറീസ് ഓഫീസർ അറിയിച്ചു. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടതോടെ കയങ്ങളിലെ വെളുത്ത പത ഇല്ലാതാകുകയും ചെയ്തിട്ടുണ്ട്.