കുളമാവ്: വനത്തിനുള്ളിൽ വൈദ്യുതി കമ്പി വലിക്കുന്നതിനിടെ ടവർ മറിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു. തിരുനെൽവേലി രാജപാളയം സ്വദേശി മാരിധുരൈയാണ് (33) കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ചേരിഭാഗത്ത് വനത്തിനുള്ളിൽ ജനുവരി രണ്ടിനാണ് അപകടമുണ്ടായത്. തിരുനെൽവേലി സ്വദേശി അരുണാചൽ (47) സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. 66 കെവി ലൈനിൽ വൈദ്യുതി കമ്പി വലിക്കുന്നതിനിടെ ഒരു കാൽ ചെരിഞ്ഞ് ടവർ ഒടിഞ്ഞ് വീഴുകയായിരുന്നു. ടവറിന് മുകളിലിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്നവർ ചുമന്ന് വനത്തിന് പുറത്തെത്തിച്ച ശേഷം മൂലമറ്റത്ത് സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പിന്നീടാണ് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയത്. കലപ്പഴക്കം ചെന്ന ടവറാണ് അപകടത്തിനിടയാക്കിയതെന്ന ആരോപണമുണ്ട്. ഭാര്യ: ശിവപ്രീയ. മക്കൾ: ഉവിസ്ത, ലോവിത, ശ്രീ രാഗിണി.