മുട്ടം: പഞ്ചായത്ത് പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സർവ്വകക്ഷി യോഗം വിളിക്കുമെന്ന് പ്രസിഡന്റ് ഷൈജ ജോമോൻ പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി, പി.ജെ. ജോസഫ് എം.എൽ.എ, ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾ, ജലവിഭവം- വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. നിരവധി വ്യാപാര - വ്യവസായ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ആശുപത്രികൾ, വിവിധ വാർഡുകളിലുള്ള ഗാർഹിക ഉപയോക്താക്കൾ എന്നിങ്ങനെയുള്ള മുട്ടം പഞ്ചായത്ത് പ്രദേശത്ത് നിലവിലുള്ള കുടിവെള്ള പദ്ധതി പ്രായോഗികമല്ല. നിലവിലെ പദ്ധതിക്ക് രണ്ട് പമ്പിംഗ് മോട്ടറുകൾ ഉണ്ടെങ്കിലും ഒരെണ്ണം കേടായിട്ട് രണ്ട് വർഷങ്ങൾ കഴിഞ്ഞു. ഒരു മോട്ടർ ഉപയോഗിച്ചാണ് നിലവിൽ പമ്പിംഗ് നടത്തുന്നത്. തുടർന്ന് എല്ലാ മേഖലയിലും കൃത്യമായി കുടിവെള്ളം എത്തിക്കാൻ കഴിയുന്നുമില്ല. ഇതിന് പരിഹാരമായിട്ടാണ് പഞ്ചായത്ത് സർവ്വകക്ഷി യോഗം വിളിക്കുന്നത്.