ചെറുതോണി: ഇടുക്കി കഞ്ഞിക്കുഴിയിൽ വീട്ടമ്മയടക്കം ആറ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ തള്ളക്കാനത്തായിരുന്നു സംഭവം. പാലുമായി വന്ന വണ്ടിക്കാരനാണ് ആദ്യം തെരുവ് നായയുടെ കടിയേറ്റത്. ഇയാൾ വാഹനം നിറുത്തി കടയിൽ പാൽ എത്തിച്ച് കൊടുക്കുന്നിടയിൽ നായ ഓടി വന്ന് കടിക്കുകയായിരുന്നു. തുടർന്ന് റോഡിലൂടെ നടന്ന് പോയവരെയും ഓടിച്ചിട്ട് കടിച്ചു. സമീപത്തെ വീടിന്റെ മുറ്റത്ത് നിന്നിരുന്ന വീട്ടമ്മയെ ഗെയിറ്റിന് ഇടയിലൂടെ തെരുവ് നായ കടന്ന് ചെന്ന് കടിച്ച് പരിക്കേൽപ്പിച്ചു. ഇവരുടെ രക്ഷയ്ക്ക് എത്തിയ ഭർത്താവിന്റെ വയറിൽ തെരുവ് നായ കടിച്ച് തൂങ്ങി കിടന്നു. ഇയാൾ കോട്ട് ഇട്ടിരുന്നതിനാൽ നായയുടെ പല്ല് കോട്ടിൽ ഉടക്കുകയും ചെയ്തു. നായിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നിടയിൽ ഇയാൾക്ക് നായുടെ നഖം കൊണ്ട് ശരീരത്തിൽ മുറിവേറ്റു. നാട്ടുകാർ വടിയുമായി കൂട്ടത്തോടെ എത്തിയതോടെ നായ ഓടി കുറ്റികാട്ടിനുള്ളിൽ മറഞ്ഞു. മുറിവേറ്റവരെ കഞ്ഞിക്കുഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കുത്തി വെയ്പ്പിനായി ഇടുക്കി മെഡിക്കൽ കോളേജിലേയ്ക്ക് റഫർ ചെയ്തു. കഞ്ഞിക്കുഴി ടൗണിലും പരിസരങ്ങളിലും തെരുവ് നായ്ക്കൾ വൻ തോതിൽ വർദ്ധിച്ചിരിക്കുകയാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിന് വേണ്ടി നടപടി സ്വീകരിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതി ശക്തമാകുന്നു.