തൊടുപുഴ: കെ.എസ്.ആർ.ടി.സി താത്കാലിക ഡിപ്പോ പ്രവർത്തിക്കുന്ന ലോറി സ്റ്രാൻഡിൽ നിന്ന് ഒഴിയാൻ വീണ്ടും നഗരസഭയുടെ അന്ത്യശാസനം. മാർച്ച് 31ന് മുമ്പ് സ്ഥലം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കെ.എസ്.ആർ.ടി.സിക്ക് കത്ത് നൽകും. കെ.എസ്.ആർ.ടി.സി ഡിപ്പോ താത്കാലികമായി പ്രവർത്തിക്കുന്ന നഗരസഭയുടെ ലോറി സ്റ്റാൻഡ് തിരിച്ചെടുക്കാൻ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനമെടുത്തത്. ആധുനിക രീതിയിലുള്ള ടെർമിനൽ പണിയുന്നതിനായി വർഷങ്ങൾക്ക് മുമ്പാണ് ഡിപ്പോ ലോറി സ്റ്റാൻഡിലേക്ക് താത്കാലികമായി മാറ്റി സ്ഥാപിച്ചത്. ഇപ്പോൾ പുതിയ സ്റ്റാൻഡിന്റെ പണി 90 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ, ബാക്കി പണി പൂർത്തിയാക്കി സ്റ്റാൻഡ് തുറക്കാനുള്ള നടപടി ഉണ്ടാകുന്നില്ല. ഇതിനെ തുടർന്നാണ് സ്റ്റാൻഡ് ഒഴിയണമെന്ന് നഗരസഭ ആവശ്യപ്പെട്ടിരിക്കുന്നത്. മുമ്പ് ഇക്കാര്യം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സിക്ക് കത്ത് നൽകിയിരുന്നു.
കുന്നം കോളനിയിലെ പട്ടയത്തിന് എൻ.ഒ.സി
കുന്നം കോളനിയിലെ 18 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള നിരാക്ഷേപ പത്രം (എൻ.ഒ.സി) നൽകാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. ഉടൻ തന്നെ എൻ.ഒ.സി റവന്യൂ വകുപ്പിന് നൽകും.
വർഷങ്ങൾക്ക് മുമ്പ് രൂപവത്കരിച്ച കോളനിയാണ് ഇത്. പക്ഷേ, ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് ഇതുവരെയും പട്ടയം ലഭിച്ചിരുന്നില്ല. റവന്യൂ സർവേ പൂർത്തിയാക്കിയതിനെ തുടർന്നാണ് ഇന്നലെ നടന്ന നഗരസഭാ കൗൺസിൽ എൻ.ഒ.സി. നൽകാൻ തീരുമാനിച്ചത്.