തൊടുപുഴ: സർജറിയിലെ ആയുർവേദ സാധ്യതകൾ ഉപയോഗപ്പെടുത്തിയാൽ ഗ്രാമീണമേഖലയ്ക്ക് ഉണർവേകുന്നതായി ആയുർവേദ ശസ്ത്രക്രിയാ വിദഗ്ദ്ധർ പങ്കെടുത്ത 'സൗശ്രുതം' ചർച്ചയിൽ അഭിപ്രായമുയർന്നു. ആയുർവേദത്തിലെ ശല്യ ശാലാക്യ വിഭാഗത്തിൽ പരിശീലനം ലഭിച്ചവർക്ക് സർജറികൾ ചെയ്യാൻ ലഭിച്ച കേന്ദ്ര സർക്കാർ അനുമതിയെ കൂടുതൽ പ്രായോഗിക തലത്തിൽ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എറണാകുളം സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ ചർച്ച നടന്നത്. കേരളത്തിനു പുറത്തു നിന്നുമുള്ള ആയുർവേദ ശസ്ത്രക്രിയാ വിദഗ്ദ്ധർ അനുഭവങ്ങൾ പങ്കുവച്ചു. വാരണാസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ സർജറി വിഭാഗം മേധാവി ഡോ: ലക്ഷ്മൺ സിംഗ്, ജയ്പൂരിലെ നാഷണൽ ഇസ്റ്റിറ്റിയൂട്ട് ഓഫ് ആയുർവേദയിലെ സർജറി വിഭാഗം മേധാവി ഡോ: ഹേമന്ത്കുമാർ, മുൻ ആയുർവേദ ജോയിന്റ് ഡയറക്ടറും മർമ്മ വിദഗ്ദ്ധനുമായ ഡോ: ടി.എസ്. ജയൻ, തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ശാലാക്യ വിഭാഗം മേധാവി ഡോ: ശ്രീജ സുകേശൻ, തൃശൂരിലെ ശാലാക്യ ചികിത്സാ വിദഗ്ദ്ധൻ ഡോ:എം.പ്രസാദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പുത്തൂർ ശ്രീനാരായണ ആയുർവേദ കോളേജ് പ്രിൻസിപ്പാളും ശസ്ത്രക്രിയാ വിദഗ്ദ്ധനുമായ ഡോ: രഘുനാഥൻ നായർ മോഡറേറ്ററായിരുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടന്ന പരിപാടി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ: രാജു തോമസ് ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് ഡോ: കെ.എസ്. വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ചു. സോൺ സെക്രട്ടറി ഡോ: എം.എസ്. നൗഷാദ് , എ.എം.എ റിസേർച്ച് ഫൗണ്ടേഷൻ ചെയർമാൻ ഡോ: വി.ജി. ഉദയകുമാർ, അസോസിയേഷൻ സംസ്ഥാന വനിത ചെയർപേഴ്‌സൺ ഡോ. സൂസൻ ജേക്കബ്, ഡോ. ജോയ്സ് കെ. ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.