 തുടങ്ങനാട് സ്പൈസസ് പാർക്ക് നിർമ്മാണോദ്ഘാടനം ഒമ്പതിന്

മുട്ടം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തുടങ്ങനാട് വ്യവസായ പ്ലോട്ടിലെ സ്പൈസസ് പാർക്കിന്റെ നിർമ്മാണോദ്ഘാടനം ഫെബ്രുവരി ഒമ്പതിന് വൈകിട്ട് നാലിന് നടത്താൻ തീരുമാനം. ഏലം, ചുക്ക്, കുരുമുളക്, ജാതി, മഞ്ഞൾ, ഇഞ്ചി എന്നിങ്ങനെയുള്ള സുഗന്ധ വ്യഞ്ജനങ്ങൾ കർഷകരിൽ നിന്ന് സംഭരിച്ച് മൂല്യ വർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് തുടങ്ങനാട് സ്പൈസസ് പാർക്കിൽ വരുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുടെ സംയുക്ത സംരഭമായ പദ്ധതിക്ക് സംഭരണ കേന്ദ്രം കട്ടപ്പനയിലും സംസ്കരണ കേന്ദ്രം തുടങ്ങനാട്ടിലുമായിട്ടാണ് വിഭാവന ചെയ്തത്. തുടങ്ങനാട്ടിൽ 101 ഏക്കറും കട്ടപ്പനയിൽ 100 ഏക്കറും സ്ഥലമാണ് പദ്ധതിക്ക് ആവശ്യമായി വന്നതും. തുടങ്ങനാട്ടിൽ സ്വകാര്യ വ്യക്തികളിൽ നിന്ന് ആദ്യം 16 ഏക്കറും അടുത്ത നാളിൽ 20 ഏക്കറും ഉൾപ്പടെ 36 ഏക്കർ മാത്രമാണ് ഏറ്റെടുക്കാൻ സാധിച്ചത്. ഇതിനിടയിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില കുറഞ്ഞു പോയെന്ന കാരണത്താൽ സ്ഥല ഉടമകളിൽ ചിലർ കേസ് ഫയൽ ചെയ്തിരുന്നു. അടുത്ത നാളിൽ അധികൃതരുമായി സ്ഥല ഉടമകൾ നടത്തിയ ചർച്ചയിൽ കേസ് പിൻവലിച്ചു. ഇതേ തുടർന്നാണ് തീരുമാനം വേഗത്തിലായത്.

ഉദാസീനതയുടെ മറ്റൊരു മുഖം

മുട്ടം പഞ്ചായത്തിന്റെയും പ്രത്യേകിച്ച് തുടങ്ങനാട് പ്രദേശത്തിന്റെയും വികസനത്തിന് കുതിപ്പേകുന്ന സ്പൈസസ് പാർക്കിന്റെ തുടർ പ്രവർത്തികൾ വർഷങ്ങളോളം നിശ്ചലാവസ്ഥയിലായത് മാറി മാറി വന്ന സർക്കാരുകളുടെ കെടുകാര്യസ്ഥതയാണ് വ്യക്തമാക്കുന്നത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയവും സംസ്ഥാന വാണിജ്യ വ്യവസായ വകുപ്പും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കേണ്ടത്. വ്യവസായ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥർ ചില സാങ്കേതിക തടസം നിരത്തി പദ്ധതിയുടെ തുടക്കത്തിൽ തന്നെ പാലം വലിച്ചു. പിന്നീട് ഏറെ നാളുകൾക്ക് ശേഷം വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കിൻഫ്രയ്ക്ക് ചുമതല നൽകി. കിൻഫ്ര ഉദ്യോഗസ്ഥരും പദ്ധതി യാഥാർത്ഥ്യമാക്കാൻ താത്പര്യം കാണിച്ചില്ല. കിൻഫ്ര ഏറ്റെടുത്തതിന് ശേഷം തുടർ നടപടികൾ ഏറെ വർഷങ്ങൾ ചുവപ്പ് നാടയിൽ കുരുങ്ങി. സ്വകാര്യ വ്യക്തികളിൽ നിന്ന് സ്ഥലം പൊന്നും വിലയ്ക്ക് ഏറ്റെടുക്കാൻ കളക്ടർ ചെയർമാനായ സമിതിക്ക് കഴിയാതെ ഫയൽ നീക്കം തടസപ്പെട്ടു. പിന്നീട് ചീഫ് സെക്രട്ടറി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കിൻഫ്ര എം.ഡി എന്നിങ്ങനെയുള്ള സംസ്ഥാന ലെവൽ ഹൈപവർ സമിതിയിലും ഫയൽ ഏറെ വർഷം കെട്ടിക്കിടന്നു.