ഇടുക്കി: ഹൈറേഞ്ചിന്റെ സ്വന്തം മണിയാശാൻ ഇത്തവണ പോരാട്ടത്തിന് ഇറങ്ങുമോ? നിയമസഭാ തിരഞ്ഞെടുപ്പിന്റെ അങ്കത്തട്ട് ഒരുങ്ങുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്. ആരോഗ്യ പ്രശ്നങ്ങളാൽ മത്സരിച്ചേക്കില്ലെന്ന് പറയുന്നവരോട്, താൻ ഇപ്പോഴും ഡബിൾ സ്ട്രോങ്ങാണെന്നാണ് ആശാന്റെ മറുപടി. പാർട്ടി പറഞ്ഞാൽ ഇനിയും മത്സരിക്കും. 50 വർഷത്തോളം നീളുന്ന രാഷ്ട്രീയ ജീവിതത്തിൽ കാൽ നൂറ്റാണ്ടിലേറെ ഇടുക്കി ജില്ലാ സെക്രട്ടറിയായാണ് പ്രവർത്തിച്ചത്. ആദ്യകാലത്ത് വി.എസ് പക്ഷക്കാരനായിരുന്നെങ്കിലും പിന്നീട് പിണറായിയുമായി അടുത്തു. കഷ്ടപ്പാടുകൾ സഹിച്ച് താഴേക്കിടയിൽ നിന്ന് ഉയർന്നുവന്ന നേതാവായ മണി നിരവധി പരാജയങ്ങൾക്ക് ശേഷമാണ് എം.എൽ.എയായതും പിന്നീട് മന്ത്രിയായി തിളങ്ങിയതും.
1996ൽ ഉടുമ്പൻചോലയിൽ നിന്ന് മത്സരിച്ച മണി, കോൺഗ്രസിലെ ഇ.എം. അഗസ്തിയോട് തോറ്റു. ആദ്യത്തെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പരാജയമായിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ട് പാർട്ടി പ്രവർത്തനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. 2016ൽ കോൺഗ്രസിലെ സേനാപതി വേണുവിനെ 1109 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തിയത്. ആറ് മാസത്തിന് ശേഷം പിണറായി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി. ഇതിനെ അന്ന് വിമർശിച്ചവർക്കുള്ള ചുട്ട മറുപടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. സമ്പൂർണ വൈദ്യുതീകരണവും അഞ്ച് വർഷം ലോഡ്ഷെഡിംഗ് ഇല്ലാതിരുന്നതും മന്ത്രിയെന്ന നിലയിൽ മണിയുടെ മികവുകളാണ്.
ദേശീയ ഊർജ സംരക്ഷണ അവാർഡ് തുടർച്ചയായ അഞ്ചാം തവണയും കേരളത്തെ തേടിയെത്തിയത് ഈ ഇടുക്കിക്കാരന്റെ വില കുറച്ച് കണ്ടവർക്കുള്ള താക്കീതായി. നേരത്തേ,നാടൻപ്രയോഗങ്ങളിലൂടെ പാർട്ടിയെ പ്രതിസന്ധിയിലാക്കാറുണ്ടായിരുന്നെങ്കിലും മന്ത്രിയായശേഷം ആശാന് പക്വത വന്നെന്നാണ് ഇടുക്കിക്കാർ പറയുന്നത്. മണിയാശാനല്ലാതെ ഉടുമ്പഞ്ചോല മണ്ഡലത്തിൽ മറ്റൊരാളെ ചിന്തിക്കാനാവാത്ത സ്ഥിതിയിലാണ് പാർട്ടിയും. തുടർച്ചയായ രണ്ട് പ്രളയങ്ങളിൽ പൂർണമായി തകർന്ന ഇടുക്കിയെ കര പിടിച്ചുകയറ്റിയ ആശാൻ തന്നെ വീണ്ടും വരണമെന്നാണ് അവരുടെയും അഭിപ്രായം.