തൊടുപുഴ: ഇടുക്കിയുടെ മനസറിഞ്ഞ് ഭാവി കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഇടുക്കിയിലെത്തും. മലയോര ജനതയുടെ പ്രശ്നങ്ങൾ മനസിലാക്കാനും ജില്ലയുടെ സമഗ്ര വികസനത്തിന് ആവശ്യമായ പുതു ആശയങ്ങൾ തേടുന്നതിനുമാണ് രാവിലെ 10ന് തൊടുപുഴ- ഇടുക്കി റോഡിലെ മാടപ്പറമ്പ് റിസോർട്ടിൽ മുഖ്യമന്ത്രി പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നത്. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായുള്ള ഇടുക്കി ജില്ലയിലെ സമ്പർക്ക പരിപാടിയാണ് നടക്കുന്നത്. കാർഷികതോട്ടം മേഖലയ്ക്കും വിനോദ സഞ്ചാരത്തിനും പ്രാധാന്യം കൽപ്പിക്കുന്ന പരിപാടിയിൽ വിവിധ മേഖലകളിലെ വിദഗ്ദ്ധർ പങ്കെടുക്കും. കൂടാതെ സാമൂഹികരാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും പങ്കെടുക്കും. 13 ജില്ലകളിലെയും പര്യടനം നേരത്തെ പൂർത്തിയാക്കിയിരുന്നു. 2016ൽ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് നടത്തിയ നവകേരള യാത്രയിൽ ജില്ലയിലെ പൗരപ്രമുഖരുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് ഈ കൂടിക്കാഴ്ചയെന്ന് ഇടതുപക്ഷനേതാക്കൾ പറയുന്നു.
കുന്നോളമുണ്ട് പ്രതീക്ഷകൾ
മുഖ്യമന്ത്രിയുടെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് മലയോര ജനത നോക്കിക്കാണുന്നത്. ജില്ലയിലെ ഭൂപ്രശ്നങ്ങൾക്കും പട്ടയ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതും ലക്ഷ്യമിടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന സന്ദർശനത്തിൽ ജില്ലയുടെ മുന്നേറ്റത്തിനുതകുന്ന പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. ഭൂപ്രശ്നം, പട്ടയം, നിർമാണ നിരോധന ഉത്തരവുകളിലെ അവ്യക്തത, ഇടുക്കി പാക്കേജ്, വന്യമൃഗശല്യം എന്നീ വീഷയങ്ങളിലടക്കം മുഖ്യമന്ത്രി ജില്ലയോട് അനുഭാവപൂർണമായ സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. തുടർച്ചയായ രണ്ട് പ്രളയങ്ങൾക്ക് പിന്നാലെ കൊവിഡ് മഹാമാരി കൂടിയെത്തിയതോടെ പ്രതിസന്ധിയിലായ ജില്ലയിലെ കാർഷിക, വ്യാപാര, വ്യവസായ, വനോദസഞ്ചാര മേഖലകളെല്ലാം മുഖ്യമന്ത്രിയുടെ കൈത്താങ്ങിനായി കാത്തിരിക്കുകയാണ്.
കാർഷികമേഖലയ്ക്ക് കൈത്താങ്ങാകണം
കാലാവസ്ഥാ വ്യതിയാനവും വിളനാശവും വിളകളുടെ വിലയിടിവും മൂലം നട്ടം തിരിയുന്ന കർഷകർക്ക് കൈത്താങ്ങാകുന്ന തീരുമാനങ്ങൾ മുഖ്യമന്ത്രിയെടുക്കണമെന്നാണ് അവരുടെ അഭ്യർത്ഥന. കൃഷിയിടങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമാകുന്നതിനും പരിഹാരമുണ്ടാകണം. രോഗകീടബാധകളും ഇടനിലക്കാരുടെ ചൂഷണവും പരിഹരിക്കാൻ നടപടികളുണ്ടാകണം. കാന്തല്ലൂരിലെ ശീതകാല പച്ചക്കറി കർഷകരും സർക്കാർ സഹായം പ്രതീക്ഷിക്കുന്നുണ്ട്.
ഉണർവേകണം ടൂറിസത്തിന്
കൊവിഡിൽ നിലച്ച ഇടുക്കിയിലെ ടൂറിസം മേഖല ഇപ്പോൾ ഉണർവിലാണ്. ഈ ഉണർവിന് ഉത്തേജനമാകാൻ മുഖ്യമന്ത്രിയുടെ സന്ദർശനത്തിനാവുമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ കരുതുന്നത്. മൂന്നാറിലെയും തേക്കടിയിലെയും അടിസ്ഥാന സൗകര്യവികസനവും ഗതാഗത കുരുക്കുമടക്കം പരിഹരിക്കണം. വാഗമണ്ണിന്റെ ടൂറിസം വികസനത്തിനായി കൂടുതൽ പരിഗണന നൽകണം. ചെറുകിട ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും നികുതിയിളവ് ഉൾപ്പെടെയുള്ളവ പ്രതീക്ഷിക്കുന്നുണ്ട്.