നെടുങ്കണ്ടം: ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ടിപ്പർ തൊഴിലാളിക്ക് കുത്തേറ്റു. കൽക്കൂന്തൽ ദാസ് വളവ് സ്വദേശി രതീഷിനാണ് കുത്തേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ടിപ്പർ ഡ്രൈവറും മൈനാർസിറ്റി സ്വദേശിയുമായ സുമോദിനെതിരെ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി ഒമ്പതോടെ സെൻട്രൽ ജംഗ്ഷനിലെ ബാറിന് സമീപത്തെ റോഡിലാണ് കത്തിക്കുത്ത് ഉണ്ടായത്. ലോഡ് ഇറക്കിയതിലെ കൂലിയുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇരുവരും മദ്യലഹരിയിൽ ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴുത്തിന് കുത്തേറ്റ രതീഷിന്റെ അന്നനാളം വരെ മുറിവേറ്റിട്ടുണ്ട്. നെടുങ്കണ്ടം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. രണ്ട് ശസ്ത്രക്രിയകൾ നടത്തിയതായും അപകട നില തരണം ചെയ്തതായും ഡോക്ടർമ്മാർ അറിയിച്ചു. പ്രതി ഒളിവിൽ പോയതായും ഇയാൾക്കായി തിരച്ചിൽ നടത്തുന്നതായും നെടുങ്കണ്ടം എസ്.ഐ പറഞ്ഞു.