ഇടുക്കി: കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം വീണ്ടും വിനോദസഞ്ചാരികൾ ഇടുക്കിയിലേക്ക് എത്തിത്തുടങ്ങിയതോടെ ഹൈറേഞ്ചിലെ പ്രധാന പാതയോരങ്ങളെല്ലാം മാലിന്യങ്ങൾ കൊണ്ട് നിറയുകയാണ്. സഞ്ചാരികൾ കൊണ്ടുവരുന്ന ഭക്ഷണം കഴിച്ച ശേഷം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ വലിച്ചെറിയുകയാണ്. തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയിൽ പൈനാവിനടുത്ത് വനത്തിലാണ് പ്ലാസ്റ്റിക് അടങ്ങിയ മാലിന്യം കുമിഞ്ഞുകൂടുന്നത്. പ്ലാസ്റ്റിക് പാത്രങ്ങൾ, ഗ്ലാസ് എന്നിവ റോഡരികിൽ നിക്ഷേപിക്കുന്നത് വന്യമൃഗങ്ങൾക്കും ഭീഷണിയാണ്. ഇടുക്കി ഡാം തുറന്നതോടെയാണ് കാടിനുള്ളിൽ മാലിന്യം കുമിഞ്ഞുകൂടാൻ തുടങ്ങിയത്. ജില്ലാ ഭരണകൂടം നിരവധിയിടങ്ങളിൽ ജാഗ്രതാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികൾ വിവിധയിടങ്ങളിലായി വാഹനങ്ങൾ നിറുത്തി മാലിന്യം നിക്ഷേപിക്കുകയാണ്. കാടിനുള്ളിൽ വാഹനം പാർക്കുചെയ്യാൻ സാധിക്കുന്ന സ്ഥലങ്ങളിലാണ് കൂടുതൽ മാലിന്യം കൂടികിടക്കുന്നത്. ഇതോടൊപ്പം രാത്രിയിൽ കടകളിൽ നിന്നുള്ള മാലിന്യവും ചാക്കിൽ കെട്ടി നിക്ഷേപിക്കുന്നുണ്ട്. ആനയടക്കം വിഹരിക്കുന്ന കാട്ടിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കൂടുതൽ പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് വനപാലകരും മുന്നറിയിപ്പ് നൽകുന്നു. ഇത്തക്കാരെ കണ്ടെത്തിയാൽ പിഴയീടാക്കുമെന്നും നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്യിക്കുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. വിനോദ സഞ്ചാരികളിൽ നിന്നുണ്ടാകുന്ന ഇത്തരം പ്രവർത്തികളിലൂടെ ഇടുക്കിയുടെ സ്വാഭാവിക ഭംഗിയ്ക്ക് കോട്ടം തട്ടുമെന്നതിനാൽ ഇടുക്കി കാണാനെത്തുന്ന സഞ്ചാരികൾ മാലിന്യങ്ങൾ വലിച്ചെറിയാതെ കാഴ്ചകൾ ആസ്വദിച്ച് തിരികെ പോകണമെന്ന് പ്രകൃതിസ്‌നേഹികളും പറയുന്നു.