രാജകുമാരി: സേനാപതി പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക ഫോൺ ചോർത്തിയതായി പരാതി. മുൻ പ്രസിഡന്റ് ജോസ് തോമസ് കോൾ ഡൈവേർഷനിലൂടെ അദ്ദേഹത്തിന്റെ ഫോണിലേയ്ക്ക് കണക്ട് ചെയ്ത്
തന്റെ ഒദ്യോഗിക ഫോണിലെ കോൾ വിവരങ്ങൾ ചോർത്തിയതായി നിലവിലെ പ്രസിഡന്റ് തിലോത്തമ സോമനാണ് ജില്ലാ പൊലീസ് മേധാവി, സൈബർ സെൽ, ഉടുമ്പൻചോല സി.ഐ എന്നിവർക്ക് പരാതി നൽകിയിരിക്കുന്നത്. ഔദ്യോഗിക ഫോൺ വെള്ളിയാഴ്ച കാണാതായിരുന്നുവെന്ന് തിലോത്തമ സോമൻ പറയുന്നു. എവിടെയെന്ന് അറിയുന്നതിനായി വിളിച്ചപ്പോൾ ഒരു പുരുഷനാണ് ഫോൺ എടുത്തത്. ഉടൻതന്നെ കട്ടാക്കുകയും ചെയ്തു. തുടർന്ന് മറ്റൊരു പഞ്ചായത്ത് അംഗം ഇതേ നമ്പരിലേക്ക് വിളിച്ചപ്പോൾ പഴയ ആൾ തന്നെ ഫോൺ എടുക്കുകയും താൻ ജോസ് തോമസ് ആണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. പിറ്റേന്ന് തിരികെ ക്കിട്ടിയ ഫോൺ പരിശോധിച്ചപ്പോഴാണ് കോൾ ഡൈവെർട്ട് ചെയ്തിരിക്കുന്നതായി മനസിലായതെന്നും തിലോത്തമ സോമൻ പറഞ്ഞു. എന്നാൽ ആരോപണം മുൻ പ്രസിഡന്റ് ജോസ് തോമസ് നിഷേധിച്ചു. തനിക്ക് ഈ സംഭവത്തെക്കുറിച്ച് അറിവില്ല. ഭരണസമിതിയുടെ കാലാവധി കഴിഞ്ഞപ്പോൾ ഔദ്യോഗിക ഫോൺ തിരികെ നൽകിയിരുന്നതായും ജോസ് തോമസ് പറഞ്ഞു.