തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയൻ തൊടുപുഴയിൽ നടത്തിയ കേരളപര്യടനത്തിൽ ക്ഷണിക്കാതെയെത്തിയ കെ.പി.സി.സി അംഗം സി.പി. മാത്യുവിനെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി. ഇന്നലെ രാവിലെ 11.15ന് തൊടുപുഴ മാടപ്പറമ്പ് റിസോർട്ടിലായിരുന്നു സംഭവം. ജില്ലയിലെ ക്ഷണിക്കപ്പെട്ട സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തുള്ളവർക്കും മതമേലദ്ധ്യക്ഷന്മാർക്കും മാത്രമായിരുന്നു മാത്രമായിരുന്നു പരിപാടിയിൽ പ്രവേശനം. ഇതിനിടെ പരിപാടി നടക്കുന്ന ഹാളിൽ കയറിയ സി.പി. മാത്യുവിനെ പൊലീസ് പുറത്തേക്ക് വിളിക്കുകയായിരുന്നു. പുറത്തിറങ്ങിയ സി.പി. മാത്യുവിനോട് ക്ഷണമില്ലാത്തവർക്ക് പങ്കെടുക്കാനാകില്ലെന്നും വേദിക്ക് പുറത്ത് പോകണമെന്നും പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം വി.വി. മത്തായിയോട് തനിക്ക് ഇടുക്കിയിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കണമെന്ന് സി.പി. മാത്യു ആവശ്യപ്പെട്ടു. തുടർന്ന് സംസാരിക്കാൻ അവസരമൊരുക്കാമെന്ന് പറഞ്ഞ് മത്തായി ഹാളിന് അകത്തേക്ക് പോയി. ഈ സമയം മാദ്ധ്യമങ്ങളോട് സി.പി. മാത്യു സംസാരിക്കാനാരംഭിച്ചു. പീരുമേട്ടിലെ തോട്ടംമേഖലയിലെയും പെട്ടിമുടി ദുരന്തത്തിലകപ്പെട്ടവരുടെയും പ്രശ്നങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കാനാണ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് സർക്കാരിനെതിരെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ചതോടെ പൊലീസ് ബലപ്രയോഗത്തിലൂടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പിന്നീട് കേസെടുത്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ക്ഷണമില്ലാത്തവർക്ക് പരിപാടിയിൽ പ്രവേശനമില്ലായിരുന്നെന്നും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായിട്ടായിരുന്നു സി.പി. മാത്യുവിനെ അറസ്റ്റ് ചെയ്ത് നീക്കിയതെന്നും തൊടുപുഴ ഡിവൈ.എസ്.പി കെ. സദൻ പറഞ്ഞു.
''വാർത്ത സൃഷ്ടിക്കാനുള്ള ശ്രമം മാത്രമാണ് സി.പി. മാത്യു നടത്തിയത്. പങ്കെടുക്കാൻ താത്പര്യമുണ്ടെങ്കിൽ നേരത്തെ അറിയിക്കണമായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ ആവശ്യം പരിഗണിക്കുമായിരുന്നു"
-മന്ത്രി എം.എം. മണി
''ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് പരിപാടിയിൽ പ്രവേശനമെന്ന് അറിഞ്ഞിരുന്നെങ്കിൽ വരില്ലായിരുന്നു. മുഖ്യമന്ത്രിയോട് ഇടുക്കിയിലെ ജനകീയപ്രശ്നനങ്ങൾ ഉന്നയിക്കാനാണ് എത്തിയത്. സി.പി.എം നേതാവ് വി.വി. മത്തായി മുഖ്യമന്ത്രിയോട് സംസാരിക്കാൻ അനുവാദം വാങ്ങിതരാമെന്ന് പറഞ്ഞിരുന്നു. എന്നാൽ തൊടുപുഴ സി.ഐ ഒരു പ്രകോപനവുമില്ലാതെ തന്നെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു"
-സി.പി. മാത്യു (കെ.പി.സി.സി അംഗം)