തൊടുപുഴ: യു.എൻ സർവ്വകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ‌ഫോർ വാട്ടർ എൻവയോൺമെന്റ് ആൻഡ് ഹെൽത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപകടകരമായി നിലകൊള്ളുന്ന മുല്ലപ്പെരിയാർ ഡാം പുതുക്കി പണിയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ‌ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. നൂറിൽ അധികം വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന് ഘടനാപരമായ പ്രശ്‌നങ്ങൾ ഉണ്ടെന്നും ഭൂകമ്പ സാധ്യതാ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നുമാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിലെ 50 ലക്ഷത്തോളം ജനങ്ങൾക്കും ലക്ഷക്കണക്കിന് പക്ഷിമൃഗാദികൾക്കും കോടാനുകോടി രൂപയുടെ കൃഷിയിടങ്ങൾക്കും നാശം വിതയ്ക്കാൻ ഇടയുള്ള മുല്ലപ്പെരിയാർ ഡാം പ്രശ്‌നം നാളിതുവരെ പരിഹരിക്കാത്തത് കേരളത്തിന്റെ രാഷ്ട്രീയ ഭരണനേതൃത്വങ്ങളുടെ പരാജയമാണ്. മുല്ലപ്പെരിയാർ ഡാം പുതുക്കി പണിയുമെന്ന് പ്രകടനപ്രതികയിൽ ഉൾപ്പെടുത്താത്ത രാഷ്ട്രീയ പാർട്ടികൾക്ക് വോട്ട് നൽകരുതെന്നും മുല്ലപ്പെരിയാർ ഡാം അപകടത്തിൽപ്പെടുമ്പോൾ ജീവൻ നഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് സഹോദരങ്ങൾക്ക് വേണ്ടി കേരള ജനത പ്രക്ഷോഭത്തിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.