ഇടുക്കി: 72-ാമത് റിപ്പബ്ലിക് ദിനാഘോഷം വർണാഭമായ പരിപാടികളോടെ ജില്ലാ സായുധസേന ആസ്ഥാന മൈതാനത്തിൽ (എ.ആർ ക്യാമ്പ്) ഇന്ന് നടക്കും. മന്ത്രി എം.എം. മണി മുഖ്യാതിഥിയാകും. സെറിമോണിയൽ പരേഡ് ചടങ്ങുകൾ രാവിലെ 8.40ന് ആരംഭിക്കും. മന്ത്രി ഒമ്പതിന് ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. തുടർന്ന് പരേഡ് കമാൻഡറോടൊപ്പം പരേഡ് പരിശോധിക്കും. 9.15ന് മന്ത്രി റിപ്പബ്ലിക്ദിന സന്ദേശം നൽകും. കൊവിഡ്- 19ന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. മാർച്ച് പാസ്റ്റ്, സമ്മാനദാനം എന്നിവ പരേഡിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കില്ല. കൊവിഡ് പശ്ചാത്തലത്തിൽ പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ എന്നിവരെ ആഘോഷ പരിപാടികളിൽ നിന്ന് ഒഴിവാക്കി. ക്ഷണിതാക്കളുടെ എണ്ണം പരമാവധി നൂറായി നിജപ്പെടുത്തിയിട്ടുണ്ട്.