dd
ഇടുക്കി ജില്ലാ ടിബി സെന്ററിന്റെ ആഭിമുഖ്യത്തിൽ നിർമിച്ച ഹ്രസ്വ ചിത്രത്തിന്റെ പോസ്റ്റർ ജില്ലാ കളക്ടർ എച്ച് ദിനേശൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയക്ക് കൈമാറുന്നു.

ഇടുക്കി: ജില്ലാ ടിബി സെന്ററിന്റെ ആഭിമുഖ്യത്തിൽ നിർമിച്ച ഹ്രസ്വ ചിത്രം 'ഫൈറ്റ് ലൈക് റസിയ' പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ എച്ച്. ദിനേശൻ ജില്ലാ മെഡിക്കൽ ആഫീസർ ഡോ. എൻ. പ്രിയക്ക് ചിത്രത്തിന്റെ പോസ്റ്റർ കൈമാറി.
ജില്ലാ ടിബി ഓഫീസർ ഡോ. സെൻസി ബിയുടെ ആശയത്തിൽ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയിൽ നിന്ന് പിറന്നതാണ് ഈ ചിത്രം. ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചറുടെ അഭിനന്ദനം ലഭിച്ച ഈ ചിത്രം ടീച്ചറുടെ ആമുഖത്തോടു കൂടിയാണ് ആരംഭിക്കുന്നത്. നടി റിമ കല്ലിങ്കലാണ് പശ്ചാത്തല വിവരണം നൽകുന്നത്. താരം അതിഥിയായി ചിത്രത്തിൽ എത്തുന്നുമുണ്ട്.
പൊതുജനാരോഗ്യ സംവിധാനങ്ങളിൽ രാജ്യത്തെ മികച്ച ആരോഗ്യ പദ്ധതിയായി തിരഞ്ഞെടുക്കപ്പെട്ട അക്ഷയ കേരളം പദ്ധതിയെ പരാമർശിക്കുന്നതിലൂടെ കൊവിഡിനൊപ്പം നേരിടേണ്ടി വരുന്ന സമാനമായ ലക്ഷണങ്ങളുള്ള ക്ഷയരോഗത്തെ ഒരു പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്നതിനൊപ്പം പൊതുജനങ്ങൾ അറിയേണ്ട സുപ്രധാനമായ കുറച്ചു വിവരങ്ങളും ചിത്രത്തിലൂടെ പങ്കു വയ്ക്കുന്നുണ്ട്. ജില്ലാ കളക്ടറുടെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്ത ചിത്രം എൻ.എച്ച്.എമ്മി ന്റെയും ജില്ലാ ഇൻഫർമേഷൻ ആഫീസിന്റെയും റിമ കല്ലിങ്കലിന്റെയും ഒഫീഷ്യൽ ഫേസ്ബുക് പേജിൽ പൊതുജനങ്ങൾക്ക് കാണാം. പ്രകാശന ചടങ്ങിൽ ജില്ലാ ടിബി ഓഫീസർ ഡോ. സെൻസി ബി, എൻ.എച്ച്.എം പ്രോഗ്രാം കോർജിനേറ്റർ ജിജിൽ മാത്യു എന്നിവർ പങ്കെടുത്തു.