 ഭവനപൂർത്തീകരണ പ്രഖ്യാപനം 28ന് മുഖ്യമന്ത്രി നിർവ്വഹിക്കും

ഇടുക്കി: ജില്ലയിൽ ലൈഫ് മിഷന്റെ ഭാഗമായി 16448 പേർക്ക് വിവിധ ഘട്ടങ്ങളിലായി വീട് ലഭ്യമായി. 2012 പേരുടെ ഭവനനിർമ്മാണം വിവിധ ഘട്ടങ്ങളിലായി നടക്കുന്നു. ഇതിൽ ഭൂരിപക്ഷം പേരുടെയും ഭവനനിർമ്മാണം മാർച്ച് മാസത്തിൽ പൂർത്തീകരിക്കും. കൂടാതെ പട്ടികജാതി/ പട്ടികവർഗ/ ഫിഷറീസ് വിഭാഗക്കാരുടെ അഡീഷണൽ ലിസ്റ്റിൽ ഉൾപ്പെട്ട ഭൂമിയുള്ള 3059 പേരുമായി രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് ജനുവരി 31നകം കരാർ ഒപ്പിട്ട് ഭവനനിർമ്മാണം ആരംഭിക്കും. ഭൂരഹിത ഭവനരഹിതർക്കായി നിർമ്മാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറിയ അടിമാലിയിലെ ഭവനസമുച്ചയം കൂടാതെ അഞ്ച് സമുച്ചയങ്ങൾക്കാണ് ഭരണാനുമതി ലഭിച്ചത്. കരിമണ്ണൂർ പഞ്ചായത്തിലെ സമുച്ചയത്തിന്റെ നിർമ്മാണം തുടരുന്നു. വാത്തിക്കുടി, കാഞ്ചിയാർ, കട്ടപ്പന നഗരസഭ എന്നിവിടങ്ങളിലെ നിർമ്മാണം അടുത്തയാഴ്ച ആരംഭിക്കും. രാജാക്കാട് പഞ്ചായത്തിൽ സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതിയുടെ ഭാഗമായാണ് ഭവനസമുച്ചയം നിർമ്മിക്കുന്നത്. കൂടാതെ ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ ഭൂരഹിതരായവർക്ക് ഭൂമി വാങ്ങുന്നതിനുള്ള പദ്ധതിയും നടന്നുവരുന്നു. ലൈഫ് മിഷന്റെ ഭാഗമായി സംസ്ഥാനത്ത് രണ്ടരലക്ഷം വീടുകൾ പൂർത്തിയായതിന്റെ പ്രഖ്യാപനം 28 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ഇതോടനുബന്ധിച്ച് ജില്ലയിൽ 52 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുണഭോക്താക്കളുടെ കുടുംബസംഗമം നടക്കും. കുടുംബസംഗമത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അദാലത്തിൽ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾ ലഭിക്കുന്നതിനുള്ള അപേക്ഷകളും പരാതികളും സ്വീകരിക്കും. ഇവ ജില്ലാ കളക്ടറുടെ അദാലത്തിൽ പ്രത്യേകമായി പരിഗണിക്കുകയും പെട്ടെന്ന് തന്നെ പരിഹരിക്കുകയും ചെയ്യും. 28 ന് നടക്കുന്ന പരിപാടിയുടെ വിജയകരമായ സംഘാടനത്തിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്പ്, ജില്ലാ കളക്ടർ എച്ച്. ദിനേശൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. കുര്യാക്കോസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ സാജു സെബാസ്റ്റ്യൻ, ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ കെ. പ്രവീൺ എന്നിവരടങ്ങിയ ജില്ലാതല നിരീക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.