മുട്ടം: സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിൽ ഇടപ്പള്ളി ഇല്ലിചാരി പുത്തൻപുരയിൽ ജോസഫിന്റെ (ഏപ്പ്) വീട് ഭാഗികമായി തകർന്നു. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ജോസഫും ഭാര്യയും രണ്ട് മക്കളും വീട്ടിൽ കിടന്നുറങ്ങുമ്പോഴായിരുന്നു ആക്രമണം. വലിയ ശബ്ദത്തോടെ തുടർച്ചയായി വീട്ടിലേക്ക് എന്തോ വന്ന് വീഴുന്നതറിഞ്ഞ് വീട്ടിലുള്ളവർ ലൈറ്റ് ഓൺ ചെയ്ത് പുറത്തിറങ്ങി. ഈ സമയം വീടിന്റെ മുന്നിൽ നിറുത്തിയിട്ടിരുന്ന ഒരു വാഹനം തിടുക്കത്തിൽ സ്റ്റാർട്ട് ചെയ്ത് ഡോറുകൾ അടയ്ക്കുന്നതിന്റെയും മുന്നോട്ട് പോകുന്നതിന്റെയും ശബ്ദം കേട്ടതായി ജോസഫും കുടുംബവും പറഞ്ഞു. വീട്ടുകാരും വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സമീപ വാസികളും ചേർന്ന് ചുറ്റിലും പരിശോധന നടത്തിയപ്പോൾ കല്ലേറിൽ വീടിന്റെ മേൽക്കൂരയും ഭിത്തിയും ജനലുകളും തകർന്നതായി കണ്ടെത്തി. ഓടിട്ട വീടായിരുന്നു. അപ്രതീക്ഷിതമായി കല്ലുകൾ വീടിനുള്ളിൽ പതിച്ചതോടെ വീട്ടുകാർ ഭയപ്പെട്ടു. സമീപത്ത് പ്രവർത്തിക്കുന്ന ക്രഷർ യൂണീറ്റിന്റെ ആളുകളാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായി പ്രദേശവാസികൾ ആരോപിച്ചു. ജനവാസ കേന്ദ്രമായ ഇവിടെ ഒരു ക്രഷർ യൂണിറ്റ് പ്രവർത്തിച്ചിരുന്നു. ഇതിനെതിരെ പ്രദേശവാസികൾ കളക്ടർക്ക് പരാതി നൽകുകയും ഇതേ തുടർന്ന് തൊടുപുഴ തഹസീൽദാർ കഴിഞ്ഞ ദിവസം ക്രഷർ യൂണിറ്റിന് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായവരാണ് ജോസഫിന്റെ വീടിന് നേരെ ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്. കല്ലുകൾ കൊണ്ടുവന്ന ചാക്കും സ്ഥലത്ത് കിടപ്പുണ്ട്. രാത്രി തന്നെ മുട്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരുന്നതായും ആക്രമികളെ ഉടൻ കണ്ടെത്തുമെന്നും മുട്ടം സി.ഐ വി. ശിവകുമാർ പറഞ്ഞു.