തൊടുപുഴ: ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ ശാശ്വത പരിഹാരം കാണുന്നതിന് ഭൂപതിവ് ചട്ടങ്ങൾ സർക്കാർ ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊടുപുഴയിൽ കേരള പര്യടനത്തിന്റെ ഭാഗമായെത്തിയ പ്രത്യേക ക്ഷണിതാക്കളുടെ നിർദ്ദേശങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മൂന്നാർ മേഖലയിലെ നിർമാണങ്ങൾക്ക് റവന്യൂ വകുപ്പ് നിരാക്ഷേപ പത്രം നിർബന്ധമാക്കിയത് കോടതിയുടെ അനുമതിയോടെ പരിഹരിക്കാനുള്ള നടപടിയാണ് സർക്കാർ ഉദ്ദേശിക്കുന്നത്. നിർമാണ നിയന്ത്രണമുള്ള ഭൂമിയിലെ വീട്, ചെറിയ കടകൾ, ഉപജീവന മാർഗമെന്ന നിലയിൽ നടത്തിയ നിർമാണങ്ങൾ എന്നിവ ക്രമപ്പെടുത്താൻ മന്ത്രിസഭ ഉത്തരവിറക്കിയിട്ടുണ്ട്. ആരാധനാലയങ്ങൾ, മത സ്ഥാപനങ്ങൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, അങ്കണവാടികൾ തുടങ്ങിയവ ഭൂപതിവു ചട്ടം ലംഘിച്ച് നടത്തിയ നിർമാണമാണെങ്കിലും നിശ്ചിത അളവു വരെയുള്ളവ ക്രമപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. വാണിജ്യ കേന്ദ്രങ്ങളിൽ നടത്തുന്ന നിർമ്മാണങ്ങൾക്ക് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് തന്നെ അനുമതി ലഭ്യമാക്കാവുന്നതാണ്. 2010 വരെയുള്ള നിർമ്മാണ പ്രവർത്തികൾ ക്രമീകരിക്കാനുള്ള സാധ്യതകൾ പരിശോധിക്കും. വീട് നിർമ്മാണം പോലുള്ള ചിലത് സധാരണ ഗതിയിൽ ചെറിയ ഇളവുകൾ അനുവദിച്ച് സാധൂകരിക്കാനാവും. മൂന്നാർ വികസന അതോറിട്ടിക്ക് രൂപം കൊടുക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. എവിടെങ്കിലും കാട്ടുപന്നി കൊല്ലപ്പെട്ടാൽ ഓടിയെത്തി കേസെടുക്കാൻ വല്ലാത്ത ധൃതി കാണിക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റം ഉണ്ടാകും. ജില്ലയിൽ നല്ല നിലയിൽ പട്ടയം നൽകാൻ സാധിച്ചു. പട്ടയ നടപടികൾക്ക് വേഗം കൂട്ടും. മന്ത്രി എം.എം. മണി അദ്ധ്യക്ഷനായിരുന്നു. മുഖ്യമന്ത്രിയുടെ ആമുഖ പ്രഭാഷണത്തിന് ശേഷം വിവിധ മേഖലകളിലെ വിദഗ്ദ്ധർ, പുരോഹിതർ, മതാധ്യക്ഷൻമാർ, സമുദായ നേതാക്കന്മാർ, വ്യവസായികൾ, കർഷക സംഘടനാ നേതാക്കൾ തുടങ്ങിയവർ ക്രിയാത്മകമായ ഒട്ടേറെ നിർദേശങ്ങൾ മുന്നോട്ടുവച്ചു. 26 നിർദ്ദേശങ്ങൾക്കാണ് സദസിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞത്. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.